കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും; കുമ്മനം ദേശീയ ഉപാധ്യക്ഷൻ സ്ഥാനത്തേക്കെത്താൻ സാധ്യത

തിങ്കള്‍, 24 ജൂണ്‍ 2019 (08:03 IST)
ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കു കെ സുരേന്ദ്രനെ കൊണ്ടുവരാന്‍ അണിയറ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞതവണ സുരേന്ദ്രന് നഷ്ടമായ അധ്യക്ഷ സ്ഥാനം ഇത്തവണ നേടിയെടുക്കാന്‍ മുരളീധരപക്ഷം ശ്രമങ്ങള്‍ സജീവമാക്കിയെന്നാണ് റിപ്പോര്‍ട്ടുകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയില്‍ കഴിഞ്ഞ തവണത്തെക്കാളും ഒരു ലക്ഷത്തോളം വോട്ട് കൂടുതല്‍ നേടിയ കെ സുരേന്ദ്രനെ നേതൃത്വത്തില്‍ കൊണ്ടു വരുന്നത് ഗുണം ചെയ്യുമെന്ന് മുരളീധരപക്ഷം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചുവെന്നാണ് സൂചന. 
 
ഓഗസ്റ്റില്‍ സജീവ അംഗത്വ വിതരണം പൂര്‍ത്തിയാകുന്നതോടെ സംഘടനാ തെരഞ്ഞടുപ്പിലേക്കു ബിജെപി കടക്കും. അതേസമയം, പികെ കൃഷ്ണദാസ് വിഭാഗം, എംടി രമേശിനായും പിഎസ് ശ്രീധരന്‍പിള്ളയെ അനുകൂലിക്കുന്നവര്‍ കെപി.ശ്രീശനു വേണ്ടിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ‍, കേന്ദ്ര നേതൃത്വം ഈ നീക്കങ്ങളോടു പ്രതികരിച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ പശ്ചാതലത്തില്‍ നേതൃസ്ഥാനത്തേക്ക് പുതിയ ആളുകളെ എത്തിക്കണമെന്നാണ് പരക്കെയുള്ള ആവശ്യം. 
 
ബിജെപി ദേശീയ നേതൃത്വത്തിനൊപ്പം ആര്‍എസ്എസും സമ്മതം നല്‍കിയാലേ സുരേന്ദ്രന്റെ സംസ്ഥാന അധ്യക്ഷ പദവി സഫലമാകൂ. കേന്ദ്രമന്ത്രി എന്ന നിലയില്‍ ഡല്‍ഹിയില്‍ വി.മുരളീധരന്റെ സാന്നിധ്യം സുരേന്ദ്രന് അനുകൂലമാകുമെന്നാണ് കരുതപ്പെടുന്നത്. 
 
ഇതേസമയം കുമ്മനം രാജശേഖരനെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ആക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. പികെ കൃഷ്ണദാസിനെയും കേന്ദ്ര നേതൃത്വത്തില്‍ പരിഗണിച്ചേക്കും. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ പി എസ്.ശ്രീധരന്‍ പിള്ളയെ പുതുതായി ദേശീയതലത്തില്‍ രൂപീകരിക്കുന്ന ലോ കമ്മിഷനിലോ ഗവര്‍ണര്‍ പദവിയിലേക്കോ പരിഗണിക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍