ശബരിമല വിഷയത്തില്‍ ഇതാണ് നയം; സ്വകാര്യ ബില്ലിനെ അനുകൂലിക്കില്ലെന്ന് ബിജെപി
വെള്ളി, 21 ജൂണ്‍ 2019 (14:55 IST)
ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന രാഷ്‌ട്രീയക്കളികള്‍ മറനീക്കി പുറത്തേക്ക്. എൻകെ പ്രേമചന്ദ്രൻ എംപി കൊണ്ടുവരുന്ന സ്വകാര്യ ബില്‍ അനുകൂലിക്കില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് വ്യക്തമാക്കി.
“പ്രേമചന്ദ്രന്‍റെ സ്വകാര്യ ബില്ലിൽ ഇപ്പോൾ തൽക്കാലം നിലപാടെടുക്കില്ല. ശബരിമല സ്‌ത്രീ പ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതിയെ പൂർണമായി മറികടന്ന് ഒരു നടപടി കേന്ദ്രസർക്കാരിന് സ്വീകരിക്കാനാകില്ല. എന്നാല്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യും”
“ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതടക്കമുള്ള എല്ലാ വശങ്ങളും സര്‍ക്കാര്‍ പഠിക്കും. ശബരിമല സ്‌ത്രീ പ്രവേശനം വിശ്വാസത്തിന്റെ ഭാഗമാണ്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മുഴുവന്‍ അയ്യപ്പ വിശ്വാസികളുണ്ട്. ആചാരസംരക്ഷണം തന്നെയാണ് ബിജെപിയുടെ ലക്ഷ്യം“ - എന്നും രാം മാധവ് പറഞ്ഞു.
സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി ശബരിമലയിൽ തുടരണമെന്നാണ് പ്രേമചന്ദ്രൻ അവതരിപ്പിച്ച സ്വകാര്യ ബില്ലിലെ ആവശ്യം. 'ശബരിമല ശ്രീധർമ ശാസ്ത്രക്ഷേത്ര ബിൽ' എന്ന പേരിലാണ് പ്രേമചന്ദ്രൻ ബിൽ അവതരിപ്പിക്കുന്നത്.