പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ വലിയ ആക്രമണമാണ് ചെന്നിത്തലയുടെ നേര്‍ക്ക് മുരളി നടത്തിയത്. സ്വന്തം ബൂത്തില്‍ താന്‍ ഒരിക്കലും പിന്നില്‍ പോയിട്ടില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു.
ചെങ്ങന്നൂരില്‍ രമേശ് ചെന്നിത്തല വോട്ടുചെയ്ത ബൂത്തില്‍ പോലും മുന്നിലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് മുരളീധരന്‍റെ പരിഹാസം. സംസ്ഥാന കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വരുത്തിയില്ലെങ്കില്‍ ചെങ്ങന്നൂര്‍ ആവര്‍ത്തിക്കുമെന്നും മുരളീധരന്‍ മുന്നറിയിപ്പുനല്‍കി.
കാര്യമായ മാറ്റം കോണ്‍ഗ്രസില്‍ ആവശ്യമാണ്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെപ്പോലും ഗ്രൂപ്പ് നേതൃത്വം സംരക്ഷിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. സംസ്ഥാന ഭരണം വളരെ മോശമായിട്ടും അത് ചെങ്ങന്നൂരില്‍ വോട്ടാക്കി മാറ്റാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും മുരളി വിമര്‍ശിച്ചു.
എന്നാല്‍ ചെങ്ങന്നൂരില്‍ തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും ഒന്നോ രണ്ടോ പേരുടെ തലയില്‍ മാത്രം അത് കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എങ്കിലും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.