ചെങ്ങന്നൂരിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം, ചെന്നിത്തലയുടെ പഞ്ചായത്തിലും എല്‍‌ഡിഎഫ്

ജോണ്‍ കെ ഏലിയാസ്

വ്യാഴം, 31 മെയ് 2018 (12:53 IST)
ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചുകയറിയത്. ഒരു പഞ്ചായത്തിലും മുന്നിലെത്താന്‍ യു ഡി എഫിന് കഴിഞ്ഞില്ല എന്നത് അവരുടെ സമ്പൂര്‍ണ പരാജയമായാണ് വിലയിരുത്തുന്നത്. കോണ്‍ഗ്രസും ഘടകകക്ഷികളും പ്രചരണത്തിലും പ്രവര്‍ത്തനത്തിലും വീഴ്ചവരുത്തിയപ്പോള്‍ എണ്ണയിട്ട യന്ത്രം പോലെയുള്ള ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് ഇത്രയും വലിയ വിജയത്തിന് കാരണമായത്. 
 
20956 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ വിജയിച്ചുകയറിയത്. 1987ല്‍ 15703 വോട്ട് ഭൂരിപക്ഷം നേടിയ മാമ്മന്‍ ഐപ്പിന്‍റെ റെക്കോര്‍ഡാണ് സജി ചെറിയാന്‍ മറികടന്നത്. ഇടതുമുന്നണി പോലും പതിനായിരത്തില്‍ താഴെ വോട്ടിന് ജയിക്കുമെന്നാണ് വിശ്വാസം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ എല്‍ ഡി എഫ് കേന്ദ്രങ്ങളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ തകര്‍പ്പന്‍ വിജയമാണ് സജി ചെറിയാന് സ്വന്തമാക്കാനായത്. ഇതിന്‍റെ ഞെട്ടലില്‍ നിന്ന് മുക്തരാവാന്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ഏറെ സമയമെടുക്കുമെന്ന് നിശ്ചയം.
 
ചെങ്ങന്നൂരില്‍ ഓരോ പ്രദേശത്തെയും എല്‍ ഡി എഫിന്‍റെ ലീഡ് നില ഇങ്ങനെയാണ്: 
 
മാന്നാര്‍ - 2629
പാണ്ടനാട് - 498
തിരു.വണ്ടൂര്‍- 10
ചെങ്ങന്നൂര്‍ - 753
മുളക്കുഴ - 3637
ആല - 866
പുലിയൂര്‍ - 637
ബുധനൂര്‍ - 2646
ചെന്നിത്തല - 2353
ചെറിയനാട് - 2485
വെണ്‍‌മണി - 3203
 
യു ഡി എഫിന്‍റെ സ്വാധീനകേന്ദ്രങ്ങളായ പാണ്ടനാട്, ചെങ്ങന്നൂര്‍ പോലെയുള്ള ദേശങ്ങളില്‍ പോലും ഇടതുപക്ഷം വെന്നിക്കൊടിനാട്ടി. ചെങ്ങന്നൂരില്‍ ജാതിയെയും മതത്തെയും പണത്തെയും നന്നായി ഉപയോഗിക്കാന്‍ സജി ചെറിയാന് കഴിഞ്ഞു എന്നാണ് ബി ജെ പിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. ബി ഡി ജെ എസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാല്‍ ഈഴവ സമുദായത്തിന്‍റെ വോട്ട് ബി ജെ പിക്ക് വന്നില്ല എന്ന് ബി ജെ പി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. ഏഴായിരത്തിലേറെ വോട്ടാണ് ബി ജെ പിക്ക് കുറഞ്ഞത്.  
 
എന്നാല്‍ എല്ലാ ആരോപണങ്ങള്‍ക്കും അപ്പുറത്ത്, ഇടതുമുന്നണിയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്ന വിലയിരുത്തലാണ് നിഷ്പക്ഷമതികള്‍ നടത്തുന്നത്. സജി ചെറിയാന്‍റെ പ്രചരണം വളരെ മുമ്പേ ആരംഭിച്ചു. മറ്റുള്ളവര്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയപ്പോഴേക്കും പ്രചരണത്തില്‍ അമ്പത് ശതമാനം മുന്നേറ്റം നടത്താന്‍ സജിക്ക് കഴിഞ്ഞു. യു ഡി എഫ് സ്ഥാനാര്‍ത്ഥിയോ പ്രവര്‍ത്തകരോ ഒരിക്കല്‍ പോലും കടന്നുചെല്ലാത്ത പ്രദേശങ്ങളും വീടുകളുമുണ്ട് ചെങ്ങന്നൂരില്‍. അതെല്ലാം ഇടതുമുന്നണിക്ക് അനുകൂലമായി മാറി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍