മെരുങ്ങാതെ മുരളീധരൻ, കെപിസിസി നേതൃസ്ഥാനം ആവശ്യപ്പെട്ടേക്കും

അഭിറാം മനോഹർ

വ്യാഴം, 6 ജൂണ്‍ 2024 (13:03 IST)
K muraleedharan, INC
തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ തോല്‍വിക്ക് ശേഷം പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കെപിസിസി. മുരളീധരനുമായി ചര്‍ച്ച നടത്താന്‍ കെപിസിസി അധ്യക്ഷനും നിയുക്ത കണ്ണൂര്‍ എം പിയുമായ കെ സുധാകരന്‍ നേരിട്ടെത്തുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് കോഴിക്കോട് വെച്ചാണ് കൂടിക്കാഴ്ച.
 
രാഹുല്‍ ഗാന്ധി റായ് ബറേലി മണ്ഡലത്തിലും വിജയിച്ചതോടെ ഒഴിവ് വരുന്ന വയനാട് സീറ്റാണ് ഫോര്‍മുലയെങ്കിലും ഇനി തിരെഞ്ഞെടുപ്പ് രംഗത്തേക്കില്ലെന്നാണ് മുരളീധരന്‍ വ്യക്തമാക്കിയിരിക്കുന്നത്. വയനാട് ലോകസഭാ മണ്ഡലത്തിലേക്ക് പ്രിയങ്കാ ഗാന്ധിക്ക് അനുകൂലമായി എ ഐ സിസി തീരുമാനം വരാന്‍ സാധ്യതയുണ്ടെന്നിരിക്കെ കെപിസിസി അധ്യക്ഷസ്ഥാനം മുരളീധരന്‍ ആവശ്യപ്പെടാനാണ് സാധ്യത. തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ സംഘടനയ്‌ക്കെതിരെ വിമര്‍ശനവുമായി മുരളീധരന്‍ രംഗത്ത് വന്നിരുന്നു. പിന്നാലെ യൂത്ത് കോണ്‍ഗ്രസും പരാജയത്തിന്റെ ഉത്തരവാദിത്വം തൃശൂര്‍ ഡിസിസിക്കാണെന്ന് വ്യക്തമാക്കി. ഇതോടെ തോല്‍വിയില്‍ തൃശൂര്‍ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
 
ശക്തമായ ത്രികോണമത്സരമുണ്ടാകുമെന്ന നിലയില്‍ രാജ്യം ഉറ്റുനോക്കിയിരുന്ന തൃശൂരില്‍ സുരേഷ് ഗോപി 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് വന്‍ പ്രതീക്ഷയോടെ കളത്തിലിറക്കിയ മുരളീധരന്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെയാണ് തൃശൂരിലെ കോണ്‍ഗ്രസില്‍ കലഹമാരംഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍