തൃശൂരില്‍ കോണ്‍ഗ്രസിന്റെ 86,000 വോട്ട് കുറഞ്ഞു, സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 74,000, ബാക്കി കണക്ക് കൂട്ടിക്കോളു: എം വി ഗോവിന്ദന്‍
ലോകസഭാ തിരെഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അഞ്ച് ശതമാനം വോട്ടുകളുടെ കുറവും ഒരു സീറ്റും നഷ്ടമായപ്പോള്‍ എല്‍ഡിഎഫിനുണ്ടായത് ഒരു ശതമാനം വോട്ടിന്റെ കുറവ് മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാജയം സംബന്ധിച്ച് അവശ്യമായ പരിശോധനയും തിരുത്തലും പാര്‍ട്ടി നടത്തുമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് എല്‍ഡിഎഫിന് മൊത്തത്തില്‍ പരാജയമാണ് ഉണ്ടായത്. കഴിഞ്ഞ തവണയും ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. തോല്‍വി സംബന്ധിച്ച് എല്ലാ പരിശോധനയും നടത്തും. മുന്നണിക്ക് അടിസ്ഥാന വോട്ടുകളൊന്നും നഷ്ടമായിട്ടില്ല. ഒരു ശതമാനം വോട്ടുകളാണ് നഷ്ടമായത്. എന്നാല്‍ യുഡിഎഫിന് അഞ്ച് ശതമാനം വോട്ട് നഷ്ടമായി. 2019ല്‍ 47 ശതമാനം വോട്ടാണ് യുഡിഎഫിന് ലഭിച്ചത് അത് 42 ആയി കുറഞ്ഞു. 36 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചത്. അതില്‍ ഒരു ശതമാനം മാത്രമാണ് കുറഞ്ഞത്.
മാധ്യമങ്ങള്‍ യുഡിഎഫിന്റെ ഘടകമായി പ്രവര്‍ത്തിച്ചിട്ടും ഒരു ശതമാനം വോട്ടാണ് എല്‍ഡിഎഫിന് നഷ്ടമായത്. ആറ്റിങ്ങലില്‍ 617 വോട്ടിനാണ് ജോയ് പരാജയപ്പെട്ടത്. അത് ജയിച്ച തോല്‍വിയാണെന്നും അതിനെ തോല്‍വിയില്‍ പെടുത്തേണ്ടതില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. തൃശൂര്‍ ബിജെപിക്ക് ലഭിക്കാന്‍ കാരണം കോണ്‍ഗ്രസിന്റെ വോട്ടുകളാണ്. 86,000 വോട്ടുകളാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ കുറഞ്ഞത്. സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 74,000 വോട്ടാണ്. തൃശൂരില്‍ എല്‍ഡിഎഫിനാണ് 6000 വോട്ടുകള്‍ കൂടുകയാണ് ചെയ്തിട്ടുള്ളത്. നേമത്ത് മുന്‍പ് ഉണ്ടായത് പോലെ യുഡിഎഫാണ് ബിജെപിയെ വിജയിപ്പിച്ചത്. തിരെഞ്ഞെടുപ്പില്‍ വിജയവും പരാജയവും സ്വാഭാവികമാണെന്നും സിപിഎമ്മിന് യാതൊരു പ്രതിസന്ധിയും ഇല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.