'രണ്ടില നൽകാത്തത് വേദനാജനകം, യുഡിഎഫിന്റെ അഭ്യർത്ഥനയും ജോസഫ് തള്ളി': ജോസ് കെ മാണി

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (14:37 IST)
പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് രണ്ടില ചിഹ്നം നൽകാത്തത് വേദനാജനകമെന്ന് ജോസ് കെ മാണി. പിജെ ജോസഫിന്‍റെ നിലപാട് പാലായിലെ ജനങ്ങള്‍ക്ക് കടുത്ത വേദനയുണ്ടാക്കി. യുഡിഎഫ് നേതാക്കളുടെ അഭ്യര്‍ഥന ജോസഫ് തള്ളിക്കളഞ്ഞു. രണ്ടില നല്‍കിയാല്‍ സ്വീകരിക്കും ഇല്ലെങ്കില്‍ നിയമവഴിയും നോക്കുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. 32 വർഷമായി പാലായിൽ ജനങ്ങൾ മാണി സാറിന് വോട്ട് ചെയ്തത് രണ്ടില ചിഹ്നത്തിലാണ്.
 
മാണി സാറും പാലായും ആയിട്ട്, പാലായും രണ്ടിലയുമായിട്ട് ഇവിടെയുള്ള ജനങ്ങൾക്ക് ആത്മബന്ധമുണ്ട്. പാലായിലെ ജനങ്ങളുട ഇടയിൽ മാണി സാർ എന്നൊരു ചിഹ്നമാണുള്ളത്. അത് ആർക്കും മായ്ച്ച് കളയാൻ കഴിയില്ല. മറ്റുകാര്യങ്ങൾ നോമിനേഷൻ നൽകിയ ശേഷം പറയുമെന്ന് ജോസ് കെ മാണി പറഞ്ഞു. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ് പത്രിക നൽകുന്നത്. ഒപ്പം മറ്റുള്ള വഴികളും നോക്കുന്നുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.
 
അതേസമയം സ്വതന്ത്ര സ്ഥാനാര്‍ഥിക്കുള്ള ചിഹ്നങ്ങള്‍ ജോസ് ടോം ആവശ്യപ്പെട്ടു. പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുട്ബോള്‍ എന്നീ ചിഹ്നങ്ങളാണ് ആവശ്യപ്പെട്ടത്. അതേസമയം ജോസ് ടോമിന് ചിഹ്നം നൽകാൻ ഉപാധിവച്ച് പി. ജെ ജോസഫ് രംഗത്തെത്തി. ചെയർമാന്‍റെ ചുമതലയുള്ള വർക്കിങ് ചെയർമാനായി തന്നെ അംഗീകരിക്കണം. അങ്ങനെ ചെയ്താൽ ചിഹ്നം നൽകുന്ന കാര്യം ആലോചിക്കാം. തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയില്ലെങ്കിൽ ജോസിന് രണ്ടില ചിഹ്നം നൽകില്ല. കൺവെൻഷനിലേക്ക് ക്ഷണിച്ച് റോഷി വിളിച്ചിരുന്നു, പങ്കെടുക്കും. വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും ജോസഫ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article