നിഷ ജോസ് കെ. മാണി പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. നിഷയെ സ്ഥാനാർഥിയാക്കാനുള്ള ചർച്ചകൾ കേരള കോൺഗ്രസ്-എമ്മിനുള്ളിൽ സജീവമാണ്.പാലായിൽ സ്ഥാനാർഥിയെന്ന നിലയിൽ അവതരിപ്പിക്കാവുന്ന മുഖങ്ങൾ വേറെയില്ല എന്നതാണ് നിഷയ്ക്ക് സാധ്യത വർധിപ്പിക്കുന്നത്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് പാലായിൽ ജോസ് കെ. മാണി വിഭാഗം നേതാക്കളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിനുശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
എന്നാൽ യുഡിഎഫിൽ ഈ നീക്കത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നില്ല. ജോസ് കെ. മാണി സ്ഥാനാർഥിയാകുമെന്നത് ഇടതുപക്ഷത്തിന്റെ പ്രചാരണം മാത്രമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കെ.എം. മാണിയുടെ കുടുംബത്തിൽ നിന്നുതന്നെ സ്ഥാനാർഥി വരുന്നത് ഗുണംചെയ്യുമെന്ന യുഡിഎഫിന്റെ നിർദേശമാണ് നിഷയുടെ സ്ഥാനാർഥിത്വത്തിൽ ചർച്ച സജീവമാക്കുന്നത്.