ജസ്റ്റിസ് എബ്രഹാം മാത്യു നെഹ്‌റു ഗ്രൂപ്പിന്റെ കോളേജില്‍ പോയത് ക്ലാസ് എടുക്കാനെന്ന്; ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ നിയമനടപടിക്ക് ബാര്‍ കൗണ്‍സില്‍

Webdunia
ബുധന്‍, 22 മാര്‍ച്ച് 2017 (16:41 IST)
അന്തരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ നിയമനടപടിക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഹൈക്കോടതി ജസ്റ്റിസ് എബ്രഹാം മാത്യുവിനെതിരായി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗിന് പരാതി നല്‍കിയതുമാണ് ബാര്‍ കൗണ്‍സിലിനെ പ്രകോപിപ്പിച്ചത്.

ജഡ്ജിനെതിരായുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. മഹിജയോട് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകും. ക്ലാസ് എടുക്കാനാണ് ജസ്റ്റിസ് എബ്രഹാം മാത്യു നെഹ്‌റു ഗ്രൂപ്പിന്റെ കോളേജില്‍ പോയതെന്നും ബാര്‍ കൗണ്‍സില്‍ വാദിക്കുന്നു.

ലക്കിടി ലോ കോളേജ് വിദ്യാര്‍ഥിയുടെ പരാതിയില്‍ പൊലീസ് പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് ഹൈക്കോടതിയുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. രൂക്ഷ ഭാഷയിലാണ് ജസ്റ്റിസ് എബ്രഹാം മാത്യവിന്റെ ബെഞ്ച് അറസ്റ്റിനെ വിമര്‍ശിച്ചത്. പിന്നാലെയാണ് എബ്രഹാം മാത്യുവും കൃഷ്ണദാസും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതോടെയാണ് പ്രചരിക്കുന്ന ചിത്രസഹിതം ചീഫ് ജസ്റ്റിസിന് മഹിജ പരാതി നല്‍കിയത്.
Next Article