ജിഷ വധക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഒന്നിന് ബി ജെ പി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ച് വിവാദത്തിലേക്ക്. ജിഷയുടെ ഫോട്ടോ ഉൾപ്പെടുത്താതെ പകരം പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വേലായുധന്റെയും ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെയും ചിരിക്കുന്ന ചിത്രങ്ങൾ ഫ്ലക്സിൽ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
പൊതുസമൂഹത്തിന് മുന്നിൽ പേരെടുക്കുന്നതിനുവേണ്ടി പാർട്ടി നടത്തുന്ന നീക്കമാണ് പ്രതിഷേധമാർച്ചെന്നാണ് ആരോപണം. ജിഷയുടെ ചിത്രം ഉൾക്കൊള്ളിക്കാതിരുന്നത് ശരിയായില്ലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
ജിഷ വധക്കേസ് സി ബി ഐ അന്വേഷിക്കണമെന്നും തെളിവുനശിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കുറുപ്പുംപടി പൊലീസ് സ്റ്റേഷനിലേക്ക് ജൂലൈ ഒന്നിന് നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിനെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്.