പി ജയരാജനു വേണ്ടതു മാനസിക ചികിൽസ: കെ. സുധാകരൻ

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2015 (17:08 IST)
സിപി‌എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മാനസിക ചികിത്സയ്ക്ക് വിധേയനാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ബിജെപി വിട്ടു സിപിഎമ്മിലെത്തിയ എ. അശോകൻ ഉന്നയിച്ച ആരോപണങ്ങൾക്കു കണ്ണൂർ പ്രസ്ക്ലബിൽ മറുപടി പറയുകയായിരുന്നു കെ. സുധാകരൻ.

ബിജെപിയുടെ ക്വട്ടേഷൻ സംഘത്തലവനായിരുന്ന മുൻ ജില്ലാനേതാവ് എ. അശോകനെ ചുമന്നു കൊണ്ടു നടക്കേണ്ടി വരുന്ന സുധാകരനു വേണ്ടത്  മാനസിക ചികിൽസയാണ്.   ആശയപരമായ നേരിടുന്ന പാപ്പരത്തം മറികടക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് വിലകുറഞ്ഞ ആരോപണങ്ങൾ കുത്തിപ്പൊക്കുന്നതെന്നും കെ. സുധാകരൻ പറഞ്ഞു.

കണ്ണൂരിൽ ബിജെപിയെ സഹായിച്ചിട്ടുണ്ട് എന്നു പറഞ്ഞതിന്റെ അടിസ്ഥാനം ബാർട്ടർ സമ്പ്രദായത്തിൽ കൊടുക്കൽ വാങ്ങലുകൾ നടത്തി എന്നല്ല. സിപിഎമ്മിന്റെ അക്രമത്തിനെതിരെ താൻ എടുത്ത നിലപാടുകൾ ബിജെപിയെ സഹായിച്ചിട്ടുണ്ടാകാം എന്നാണ് ഉദ്ദേശിച്ചത്. ബിജെപിക്കു മാത്രമല്ല ലീഗിനും സിപിഐക്കും വരെ തന്റെ നിലപാടിന്റെ ഗുണം ലഭിച്ചിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.