പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു കൊണ്ട് ‘ജനശക്തി’ക്ക് നല്കിയ അഭിമുഖം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നിഷേധിച്ചു. നേതൃത്വത്തെ കുറ്റപ്പെടുത്തിയുള്ള അഭിമുഖം വിവാദമായതോടെ ആണ് വി എസ് നിഷേധക്കുറിപ്പ് ഇറക്കിയത്.
സി പി എം വിമതരെ അനുകൂലിക്കുന്ന പ്രസിദ്ധീകരണമായി അറിയപ്പെടുന്നതാണ് ‘ജനശക്തി’. പി ഡി പി മദനിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് ദോഷം ചെയ്‌തെന്നായിരുന്നു അഭിമുഖത്തിലെ പ്രധാന പരാമര്‍ശം. മദനിയുമായുള്ള കൂട്ടുകെട്ട് മതേതരവോട്ടുകള്‍ എതിരാക്കി. 2006 ലെ തെരഞ്ഞെടുപ്പില്‍ തനിക്ക് സ്ഥാനം നിഷേധിക്കാനുള്ള ശ്രമം നടന്നുവെന്നും അഭിമുഖത്തില്‍ വി എസ് പറഞ്ഞിരുന്നു.
തന്നെ മുന്‍നിര്‍ത്തി മത്സരിച്ചതിനാലാണ് 98 സീറ്റുകളുമായി മുന്നണി അധികാരത്തില്‍ വന്നതെന്നും വി എസ് അഭിപ്രായപ്പെട്ടിരുന്നു. അഭിമുഖം വിവാദമായതിനെ തുടര്‍ന്ന് വി എസിന്റെ അഭിമുഖം പാര്‍ട്ടി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് അഭിമുഖം നിഷേധിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
തന്നെ അപമാനിക്കാന്‍ കരുതിക്കൂടി മാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് വി എസ് ആരോപിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സി.പി.എമ്മിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.