ജയിലില്‍ നിന്ന് വിലകുറഞ്ഞ എല്‍‌ഇ‌ഡി ബള്‍ബുകള്‍ വരുന്നു

Webdunia
ചൊവ്വ, 19 മെയ് 2015 (13:34 IST)
ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറന്ന പാരമ്പര്യമാണ് കേരളത്തിലെ ജയില്‍ വകുപ്പിനുള്ളത്, സോളാര്‍ എനര്‍ജി, പച്ചക്കറി കൃഷി, നെല്‍ കൃഷി, കുറഞ്ഞ വിലക്ക് ഗുണമേന്മയേറിയ ഭക്ഷണം തുടങ്ങിയവ രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയതാണ്. ഇപ്പോളിതാ ആ പാരമ്പര്യത്തെ കൂടുതല്‍ പ്രകാശമുള്ളതാക്കാന്‍ കുറഞ്ഞ വിലയ്ക്ക് എല്‍‌ഇ‌ഡി ബള്‍ബുകള്‍ വിപണിയിലിറക്കാന്‍ ജയില്‍ വകുപ്പ് തയ്യാറെടുക്കുന്നു. സെന്‍ട്രല്‍ ജയിലില്‍ പരിശീലനം കിട്ടിയ തടവുകാര്‍ തയ്യാറാക്കിയതാണ് ബള്‍ബുകള്‍. ആദ്യഘട്ടത്തില്‍ ജയിലുകളില്‍ത്തന്നെ ഇവ വിറ്റഴിക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്.

അടുത്ത ഘട്ടത്തില്‍ ഇവ പൊതു വിപണിയിലേക്ക് എത്തിത്തുടങ്ങും. നിലവില്‍ ഇവയ്ക്ക് വിപണിയില്‍ 600 രൂപയാണ് കമ്പനികള്‍ ഈടാക്കുന്നത്. എന്നാല്‍ ജയിലില്‍ ഉണ്ടാക്കുന്ന ബള്‍ബൊന്നിന് വെറും 200 രൂപ മാത്രം മതിയാകും. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ കൂടി ലഭിച്ചാല്‍ കെ‌എസ്‌ഇബിയുമായി സഹകരിച്ച് വന്‍ ഉത്പാദനമാണ് ജയില്‍ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജയില്‍ ചപ്പാത്തി വന്നതോടെ വിപണിയില്‍ ചപ്പാത്തിയുടെ വിലകുറഞ്ഞതുപോലെ എല്‍‌ഇഡി ബള്‍ബ് വിലകുറച്ച് ജനങ്ങളില്‍ എത്തിച്ചാല്‍ അടുത്ത വിപ്ലവമാകും ഉണ്ടാകാന്‍ പോകുക.

വകുപ്പിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചത് ജയില്‍ ഡിജിപി ടി പി സെന്‍കുമാറാണ്. കൊല്ലം ജില്ലാ ജയിലില്‍ തടവുകാരുടെ ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ തൊഴില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് എല്‍‌ഇഡി പദ്ധതി ഇദ്ദേഹം വെളിപ്പെടുത്തിയത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ എല്ലാത്തരത്തിലും സ്വയംപര്യാപ്തരാക്കുകയാണ് ജയിലില്‍ നടപ്പാക്കുന്ന വിവിധ പരിശീലന പദ്ധതികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ജയില്‍ ഇന്ന് കാരാഗ്രഹങ്ങളല്ല, തിരുത്താനും നന്നാക്കാനുമള്ള കേന്ദ്രങ്ങളാണ്. മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്നുണ്ട്. ശിക്ഷിക്കപ്പെട്ട് കഴിയുന്നവരില്‍ 80 ശതമാനം പേരെങ്കിലും നല്ല ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാനാണ് നീക്കമെന്നും സെന്‍കുമാര്‍ പറഞ്ഞു. അടുത്തതായി കൃഷിയില്‍ ഹൈടെക് പരിശീലനം നല്‍കും. തെങ്ങുകയറ്റത്തിനുപോലും അന്തേവാസികളെ സജ്ജരാക്കും. ഇനി ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ആരും തൊഴില്‍ നല്‍കിയില്ലെങ്കില്‍ പോലും സ്വന്തം കാലില്‍നില്‍ക്കാന്‍ പറ്റുന്ന തരത്തിലുള്ള പരിശീലന കേന്ദ്രം കൂടി ആയി മാറുകയാണ് സംസ്ഥാനത്തെ ജയിലുകള്‍. രാജ്യത്തിനൊട്ടാകെ മാതൃകയാകുകയാണ് കേരളത്തിലെ ജയിലുകള്‍.