ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം, വിജിലൻസിന് നിരക്കാത്തതൊന്നും അദ്ദേഹം ചെയ്യുന്നില്ല; വിജിലൻസ് ഡയറക്ടറെ പിന്തുണച്ച് മുഖ്യമന്ത്രി

Webdunia
വെള്ളി, 28 ഒക്‌ടോബര്‍ 2016 (12:12 IST)
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. വിജിലൻസ് ഡയറക്ടർക്ക് ചേരാത്ത ഒരു പ്രവൃത്തിയും ജേക്കബ് തോമസിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും പുകച്ച് പുറത്ത് ചാടിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
ജേക്കബ് തോമസിനെതിരായ കേസിൽ സി ബി ഐ സ്വീകരിച്ച നിലപാടിൽ അസ്വാഭാവികതയുണ്ട്. ചില അധികാര കേന്ദ്രങ്ങളാണ് സി ബി ഐ നടപടിക്ക് പിന്നിൽ. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് തോമസ് ജേക്കബ് തുടരുന്നതിൽ എതിർപ്പുള്ളവരാണ് ഇതിന് പിന്നിൽ. അതുകൊണ്ടാണ് എ ജി ഈ കേസിൽ ഹാജരായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലൻസിന് നിരക്കാത്തതൊന്നും ജേക്കബ് തോമസ് ചെയ്തിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
 
ഐ എ എസ് ഉദ്യോഗസ്ഥനായ കെ എം എബ്രഹാമിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതിൽ തെറ്റു പറ്റിയിട്ടുണ്ട്. ഇതേക്കുറിച്ച് കെ എം എബ്രഹാം നൽകിയ പരാതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും ജേക്കബ് തോമസുമായി ബന്ധപ്പെട്ട സബ്മിഷനും മറ്റും നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിയിരുന്നു. അപ്പോഴും ജേക്കബ് തോമസിനെ പൂർണമായും പിന്തുണക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്.
Next Article