വികസനം മുകളിലേക്ക് മാത്രം പോരെന്ന് ജേക്കബ് തോമസ്

Webdunia
ബുധന്‍, 9 ഡിസം‌ബര്‍ 2015 (17:58 IST)
വികസനം മുകളിലേക്ക് മാത്രം പോരെന്നും വശങ്ങളിലേക്കും താഴേക്കും വേണമെന്നും ജേക്കബ് തോമസ്. തിരുവനന്തപുരത്ത് അഴിമതിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളോട് കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് നടത്തിയ പ്രസ്താവനയ്ക്കുള്ള പരോക്ഷ മറുപടി കൂടിയായിരുന്നു ഇത്.
 
ഫ്ലാറ്റ് നിര്‍മ്മാതാക്കളും നിക്ഷിപ്‌ത താല്പര്യക്കാരാണോ നയം തീരുമാനിക്കേണ്ടതെന്നും ജേക്കബ് തോമസ് ചോദിച്ചു. മുകളിലുള്ളവരെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ ചെന്നൈ പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 
സംസ്ഥാനത്ത്, നിരവധി ക്വാറികള്‍ അനുമതിയില്ലാതെ നടക്കുന്നുണ്ട്. വിജിലന്‍സ് എഫ് ഐ ആര്‍ എടുത്താല്‍ അതുകൊണ്ടു മാത്രം ഇക്കാര്യത്തില്‍ ഒരു പ്രയോജനവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
ചീഫ് സെക്രട്ടറിയാകണമെങ്കില്‍ മൂന്ന് വിജിലന്‍സ് കേസെങ്കിലും വേണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 
അഴിമതിക്കാരല്ലാത്തവര്‍ക്ക് വട്ടാണെന്ന് പറയുന്നതാണ് നിലവിലെ സാമൂഹിക അവസ്ഥ. അഴിമതിക്കാര്‍ നാണമില്ലാതെയും ധൈര്യത്തോടെയും കാര്യങ്ങള്‍ വിശദീകരിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.