ഐഎസിന്റെ കേരള ഘടകത്തെ പൂട്ടിയ ഒറ്റുകാരന്‍ ആരെന്ന് അറിയാമോ?; എൻഐഎയുടെ നീക്കം അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതും!
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (16:06 IST)
ഇസ്‍ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) കേരള ഘടകമായി പ്രവര്‍ത്തിച്ച അൻസാര്‍ ഉള്‍ ഖിലാഫയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടിയത് മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍. കണ്ണൂരിലെ കനകമലയയില്‍ ഇവര്‍ എത്തുമെന്നും അതിന് കളമൊരുക്കിയതും ഇന്റലിജൻസ് ഉദ്യോഗസ്ഥർ തന്നെ.
തീവ്രവാദ ചർച്ചകൾക്കായി ടെലഗ്രാമിൽ ഉണ്ടാക്കിയ ഗ്രൂപ്പില്‍ നുഴഞ്ഞു കയറിയ എൻഐഎ ഈ ഗ്രൂപ്പിലേക്ക് വ്യാജ വിലാസത്തിൽ അപേക്ഷ അയച്ച് പങ്കാളിയാകുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്‌തു. ചാറ്റിങ് ഗ്രൂപ്പിൽ മൊത്തം 12 പേര്‍ ഉണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘം ഗ്രൂപ്പില്‍ വരുന്ന വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്‌തു.
കൊച്ചിയിലെ സമുദായ സമ്മേളനത്തിലേക്ക് ടിപ്പർ ലോറിയിടിച്ചു കയറ്റുന്നതിനെക്കുറിച്ച് ഗ്രൂപ്പില്‍ ചര്‍ച്ച നടത്തുകയും ചെയ്‌തു. ഇത് മനസിലാക്കിയ എൻഐഎ ഈ നീക്കം പരാജയപ്പെടുത്തി. ഇതോടെ കൂട്ടത്തില്‍ ഒറ്റുകാരനുണ്ടെന്നും ഗ്രൂപ്പിലെ ചര്‍ച്ചകള്‍ വേണ്ടെന്നും തീരുമാനമായി.
സമീർ അലിയെന്ന വ്യാജ പേരുള്ള കണ്ണൂർ സ്വദേശി മൻസീദാണ് സംഘത്തലവനെന്നും ഇദ്ദേഹമാണ് ഗ്രൂപ്പിലെ ചര്‍ച്ചകള്‍ സജീവമാക്കുന്നതെന്നും അന്വേഷണ സംഘത്തിന് വ്യക്തമായി.
ഇതിനിടെ തുടര്‍ന്നുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും നേരിട്ട് കാണുന്നതിനുമായിട്ട് കണ്ണൂരിലെ കനകമലയയില്‍ ഒത്തു ചേരാമെന്ന് സംഘം തീരുമാനിക്കുകയായിരുന്നു. ഈ വിവരവും എൻഐഎ ചോർത്തുകയും സംഘം മീറ്റിംഗ് നടത്തുന്ന സമയത്തു തന്നെ പ്രദേശത്ത് എത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു.
കനകമലയില്‍ തീവ്രവാദസംഘം തമ്പടിച്ചതിനെക്കുറിച്ചും ഇവര്‍ക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും പൊലീസും അന്വേഷിക്കുന്നുണ്ട്. ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ അയച്ച സന്ദേശങ്ങളും കണ്ടെടുത്തു.
യുഎപിഎ ഉൾപ്പെടെ എട്ടു വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ്. സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യാനും ചില പ്രമുഖരെ വധിക്കാൻ പദ്ധതിയിടാൻ വേണ്ടിയുമായിരുന്നു ഇവർ കനകമലയിൽ ഒത്തുചേർന്നത്.