ഐജി ജോസ് വിവാദങ്ങളുടെ കളിത്തോഴന്‍, ഉമ്മന്‍ ചാണ്ടിയുടെ അടുപ്പക്കാരന്‍

Webdunia
തിങ്കള്‍, 4 മെയ് 2015 (17:22 IST)
പരീക്ഷയ്ക്ക് കോപ്പിയടിച്ചതിനു പിടിയിലായ തൃശൂര്‍ റേഞ്ച് ഐജി ടി ജെ ജോസ് വിവാദങ്ങളുടെ കളിത്തോഴന്‍. മുമ്പ് പലപ്പോഴും പൊലീസ് സേനയ്ക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനാണ് ടി ജെ ജോസ്. സോളാര്‍ കേസിലും, നിസാമിന്റെ കേസിലും ടിജെ ജോസിന്റെ പേരുകള്‍ പലപ്പോഴും ഉയര്‍ന്ന് കേട്ടിട്ടുണ്ട്. ഐ ജി ജോസിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നാണ് പരസ്യമായ രഹസ്യം.
 
സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ ഫോൺ ചോർത്തൽ സംഭവത്തിൽ ഇന്റലിജന്റൻസ്  കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയാണ് ടി ജെ ജോസ്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും നൽകിയ റിപ്പോർട്ടിൽ കുറ്റക്കാരനായ ടി ജെ ജോസിനെതിരെ നടപടിയെടുക്കാൻ സെൻകുമാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ജോസിനെതിരെ നടപടിയൊന്നും എടുത്തില്ല. സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായർ മന്ത്രി മാരേയും കോൺഗ്രസ് നേതാക്കളെയും വിളിച്ച ഫോൺ കാളുകളുടെ ലിസ്റ്റ്  ടി ജെ ജോസ് വഴിയാണ് തലശേരി പൊലീസ് സ്‌റ്റേഷനിലെ എസ് ഐ ബിജു ജോൺ ലൂക്കോസ് വിവരങ്ങൾ സ്വകാര്യ ചാനലിന് നൽകിയതെന്നായിരുന്നു അന്ന് ഇന്റലിജന്‍സ് എഡിജിപിയായിരുന്ന സെന്‍‌കുമാര്‍ കണ്ടെത്തിയത്.
 
പിന്നീട്. തൃശൂരിൽ നിസാം കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായപ്പോൾ ജോസിനെ തൃശൂരിലേക്ക് സ്ഥലം മാറ്റി. ചിലരുടെ ഇടപെടലാണ് ഇത്തരമൊരു സ്ഥലം മാറ്റത്തിന് കാരണമെന്നും വിമർശനമെത്തി. തിരുവനന്തപുരത്ത് കമ്മീഷണറായും ടിജെ ജോസ് ജോലിയെടുത്തിരുന്നു. ആ സമയത്ത് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ജേർണലിസം വിദ്യാർത്ഥിയായും ജോസ് എത്തി. ഐജിയായി സ്ഥാനക്കയറ്റം കിട്ടയപ്പോഴാണ് ഡിഐജി റാങ്കിലുള്ള തിരുവനന്തപുരം കമ്മീഷണർ സ്ഥാനം ജോസ് ഒഴിഞ്ഞത്.