നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.94 അടി, ഷട്ടറുകൾ തുറന്നുതന്നെ

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (08:37 IST)
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതിൽ കുറഞ്ഞു. വൃഷ്‌ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ മണിക്കൂറിനുള്ളിൽ ജലനിരപ്പിൽ 1.4 അടിയുടെ കുറവാണ് ഉണ്ടായത്. മൂലമറ്റത്ത് വൈദ്യുതോത്‌പ്പാദനം പൂർണ്ണതോതിൽ നടത്തുന്നതുകൊണ്ടും എല്ലാ ഷട്ടറുകളും ഇപ്പോഴും തുറന്നിട്ടതുകൊണ്ടുമാണ് ജലനിരപ്പിൽ കാര്യക്ഷമമായ മാറ്റം കണ്ടത്.
 
തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ചിന് 2397.94 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഒന്നും അഞ്ചും ഷട്ടറുകള്‍ ഓരോ മീറ്റര്‍ വീതവും രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 1.8 മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. രണ്ട് ദിവസമായി ഇതേ അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
 
സെക്കന്‍ഡില്‍ 6.81 ലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. മഴയും നീരൊഴുക്കും ഗണ്യമായി കുറഞ്ഞാൽ മാത്രമേ ഷട്ടറുകൾ അടയ്‌ക്കുന്ന കാര്യത്തിൽ തീരുമാനമാകൂ. നീരൊഴുക്ക് കുറയുകയാണെങ്കിൽ ആദ്യം ഒന്നും അഞ്ചും ഷട്ടറുകൾ അടയ്‌ക്കാനാണ് തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

Next Article