നോട്ട് വറുതിയില്‍ വെന്തുരുകി ക്രിസ്തുമസ് വിപണി !

Webdunia
ശനി, 24 ഡിസം‌ബര്‍ 2016 (15:07 IST)
നോട്ട് പ്രതിസന്ധിയില്‍ ക്രിസ്തുമസ് വിപണിയും മങ്ങുന്നു. നോട്ടുകള്‍ അസാധുവാക്കിയതും നയന്ത്രണങ്ങളുമെല്ലാം വന്‍ പ്രതിസന്ധിയാണ് വിപണിയിലുണ്ടാക്കിയിരിക്കുന്നത്. പുതിയ നോട്ടുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കാര്‍ഷിക വരുമാനവും ശമ്പളവും മുടങ്ങിയവര്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ആവശ്യത്തിനായുള്ള നോട്ടുകള്‍ കിട്ടാതെ നെട്ടോട്ടമോടുകയാണ് ഭൂരിഭാഗം ജനങ്ങളുമെന്നാതാണ് മറ്റൊരു വസ്തുത. 
 
നാളെയാണ് ക്രിസ്തുമസ്. കടകമ്പോളങ്ങള്‍ സജീവമാകേണ്ട ദിവസമായ ഇന്നും ഇന്നലെയുമെല്ലാം ഭൂരിഭാഗം കടകളും വിജനമാണ്. കേക്ക് വിപണിയെയും നോട്ട് നിരോധനം പിടിച്ചുലച്ച അവസ്ഥയാണെന്നാണ് ബേക്കറി ഉടമകളും പറയുന്നത്. തുണിക്കടകളിലും മാര്‍ക്കറ്റുകളിലുമെല്ലാമുള്ള സ്ഥിതിയും വിഭിന്നമല്ല. സാധാരണ ജനങ്ങളുടെ കൈയ്യില്‍ ആവശ്യത്തിനു പണമില്ലാത്തതാണ് വിപണികളിലെല്ലാം ഇത്തരമൊരു അവസ്ഥ സംജാതമാകാന്‍ കാരണമായതെന്നു പറയുന്നതാണ് ശരി.
 
തോട്ടം തൊഴിലാളികളുടെതുള്‍പ്പടെയുള്ള കൂലി അക്കൌണ്ടിലേക്കാണിടുന്നത്. എടി‌എമ്മുകളില്‍ ചില്ലറയില്ലാത്തതിനാല്‍ അത് എടുക്കാനും കഴിയാത്ത അവസ്ഥയാണ്. ഇതും വിപണിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഒരാഴ്ചയില്‍ 24000 രൂപ ബാങ്കില്‍ നിന്നും പിന്‍‌വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അയ്യായിരം മുതല്‍ പതിനായിരം വരെയാണ് പല ബാങ്കുകളും നല്‍കുന്നത്. എടിഎമ്മില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 2000 രൂപയും തീര്‍ന്നതോടെ മിക്ക എടിഎമ്മുകളും അടച്ചിട്ട സ്ഥിതിയാണുള്ളത്.
 
ചെറുകിട കര്‍ഷകരെ ആശ്രയിച്ചാണ് നക്ഷത്രവും പുല്‍ക്കുടും വില്‍ക്കുന്നവര്‍ മുതല്‍ വസ്ത്രാലയങ്ങളില്‍വരെയുള്ള കച്ചവടം. അത്തരം കര്‍ഷകരേയും നോട്ടുപ്രതിസന്ധി വല്ലാതെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് പ്രതീക്ഷിച്ച രീതിയിലുള്ള വിലയുണ്ട്. അത് വാങ്ങുന്നതിനായി ആളുകളുമുണ്ട്. എന്നാല്‍ കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത ഈ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് മറ്റൊരു പ്രതിസന്ധി. എന്തായാലും ഈ ദുരിതങ്ങള്‍ എന്നുതീരുമെന്ന് കാത്തിരുന്നു കാണാം.
 
Next Article