ഒറ്റയ്ക്കായിരുന്ന വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തി

Webdunia
വെള്ളി, 14 ഓഗസ്റ്റ് 2015 (13:42 IST)
ഹരിപ്പാട് മുട്ടത്ത് വീട്ടമ്മ വെട്ടേറ്റു മരിച്ചു. മോഷണശ്രമത്തിനിടെ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടമ്മയായ ജലജ സുരന്‍ ആണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 47 വയസ്സ് ആയിരുന്നു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ജലജ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു നാട്ടിലെത്തിയത്.
 
ഭര്‍ത്താവ് സുരന്‍ ദുബായില്‍ ജോലി ചെയ്യുകയാണ്. മക്കളായ അമ്മുവും അരോമലും സംഭവം നടക്കുമ്പോള്‍ ചെന്നൈയിലെ വീട്ടിലായിരുന്നു. ജലജ ഒറ്റയ്ക്കായിരുന്നു ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോയത്. കായംകുളം സിഐ കെ എസ് ഉദയഭാനുവിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വഷണം തുടങ്ങി.
 
അതേസമയം, ജലജ കഴിഞ്ഞദിവസം ബാങ്കില്‍ നിന്നും പണം എടുത്തിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പൊലീസിന്റെ വിരലടയാള വിദഗ്ധരും ശാസ്ത്രീയ കുറ്റാന്വഷണ വിഭാഗവും വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയാണ്.