കേരളത്തിലെ തീരദേശമേഖലയിലുണ്ടായ ഉഷ്ണക്കാറ്റിന് കാരണം താപവിസ്ഫോടനമെന്ന് പീച്ചി വന ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട്. വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം ആലപ്പുഴയുടെ തീരമേഖയില്‍ പരിശോധനകള്‍ നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. നിരന്തരം മഴ പെയ്യുന്നതിനാല്‍ ഈ പ്രതിഭാസം ആവര്‍ത്തിക്കാനിടയില്ലെന്നും ശാസ്ത്ര സംഘം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ആശങ്കവേണ്ടെന്നാണ് ഇവരുടെ നിഗമനം.
കേരളതീരത്ത് ചെറുചെടികള്‍ കരിഞ്ഞുണങ്ങാനിടയാക്കിയ സാഹചര്യം എന്താണെന്ന് പഠിക്കാന്‍ വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരായ ഡോ. സന്ദീപ്, ഡോ, ശ്രീജിത്, ഡോ അനിത എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം ആലപ്പുഴയുടെ തീരമേഖയില്‍ പരിശോധനകള്‍ നടത്തിയിരുന്നു. വിശദമായ പരിശേധനയില്‍ ഉഷ്ണക്കാറ്റിന് കാരണം താപവിസ്‌ഫോടനമാണെന്ന് കണ്ടെത്തുകയായിരുന്നു.
ശക്തമായ മഴ ഉണ്ടാകുന്നതിന് തൊട്ടുമുമ്പായി മഴമേഘങ്ങള്‍ കൂട്ടിയിടിച്ചുണ്ടാവുന്ന ജല കണങ്ങള്‍ താഴ്‌ന്ന പ്രതലത്തിലുള്ള ചൂടു വായുവിനൊപ്പം താഴെയെത്തുന്നു. ഇതാണ് ചെറുചെടികള്‍ കരിഞ്ഞുണങ്ങുന്നതിന് ഇടയാക്കിയതെന്നാണ് വനഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞരുടെ നിഗമനം. കരിഞ്ഞുണങ്ങിയ ചെടികളും, പ്രദേശത്തെ മണ്ണും വിശദ പഠനത്തിനായി അയച്ചിട്ടുണ്ട്. വിശദമായ പരിശോധനാ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും.