സിനിമയിലേതു പോലെ മോഷണം: വീട്ടുവേലക്കാരി പിടിയില്‍

Webdunia
ശനി, 31 മെയ് 2014 (13:05 IST)
സിനിമയിലെ മോഷണരംഗം അനുകരിച്ച് വൃദ്ധയുടെകഴുത്തില്‍ നിന്നും സ്വര്‍ണമാല അടിച്ചുമാറ്റിയ വീട്ടുവേലക്കാരിയെ പൊലീസ് അറസ്തു ചെയ്തു. സ്വര്‍ണ്ണമാലയ്ക്കു പകരം മുക്കുപണ്ടം ഇവര്‍ വൃദ്ധയുടെ കഴുത്തില്‍ അതി വിദഗ്ദമായി അണിയിക്കുകയും ചെയ്തിരുന്നു.

ആര്യനാട്‌ ഐത്തിമണ്‍പുറത്തുവീട്ടില്‍ താമസിക്കുന്ന ഇന്ദിരയാണ്‌ ഇത്തരത്തില്‍ മാല മോഷ്ടിച്ചത്. നെടുമങ്ങാട്‌ മഞ്ച സ്വദേശി അജ്മലിന്റെ 84 വയസുള്ള മാതാവ് ഖദീജാ ബിവിയെ ശുശ്രൂഷിക്കാനായി ആര്യനാട്‌ ഐത്തിമണ്‍പുറത്തുവീട്ടില്‍ താമസിക്കുന്ന ഇന്ദിരയെ വീട്ടുജോലിക്കായി നിര്‍ത്തുകയായിരുന്നു.

വേലക്കു നിക്കുന്നതിനിടെ അവിടെ വച്ചു കണ്ട ബാലേട്ടന്‍ എന്ന സിനിമയില്‍ ഹരീശ്രീ അശോകന്‍ അവതരിപ്പിച്ച കഥാപത്രം ജഗതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ കഴുത്തില്‍ നിന്ന് മാലയൂരി പകരം മുക്കു പണ്ടം വയ്ക്കുന്ന രീതിയാണ് ഇന്തിരയും പരീക്ഷിച്ചത്.

എന്നാല്‍ സിനിമയില്‍ ജഗതിക്ക് അലര്‍ജി വന്നതു പോലെ ഖദീജയ്ക്കും കഴുത്തില്‍ ചൊരിച്ചില്‍ അനുഭവപ്പെട്ടതാണ് മോഷണം വെളിച്ചത്തു വരാണ്‍ കാരണമായത്. ധരിച്ചിരിക്കുന്നത് മുക്കുപണ്ടമാണ് എന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇതിനിടയില്‍ തനിക്ക്‌ ബാങ്ക്‌ ലോണ്‍ ശരിയായിട്ടുണ്ടെന്നു പറഞ്ഞ്‌ ഇന്ദിര ഈ വീട്ടില്‍നിന്നു മുങ്ങുകയും ചെയ്തു.

ഇതോടെ സംശയം തോന്നിയ ഖദീജ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കി. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഇന്ദിര ആറായിരം രൂപ മുടക്കി ആടിനെ വാങ്ങുകയും പണയ ഉരുപ്പിടികള്‍ തിരിച്ചെടുക്കുകയും ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇന്ദിരയെ അറസ്റ്റ്‌ ചെയ്തത്‌.