അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെതിരെ ഹൈക്കോടതി നടത്തിയ വിമര്‍ശനം ഉമ്മന്‍ചാണ്ടി സർക്കാരിനു ചെകിട്ടത്തു കിട്ടുന്ന അടിപോലെയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സർക്കാരിന്റെയും എജിയുടെയും ഭാഗത്തു നിന്നുണ്ടായിട്ടുള്ള ഗുരുതരമായ വീഴ്ചകളാണ് ഹൈക്കോടതിയുടെ പരാമർശത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇത് സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് നല്‍കുന്നതെന്നും വിഎസ് പറഞ്ഞു.
അതേസമയം, അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെതിരെ ഹൈക്കോടതി നടത്തിയ വിമര്‍ശനം പരിപൂര്‍ണ്ണമായി വിയോജിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അഡ്വക്കറ്റ് ജനറലിനെ സര്‍ക്കാരിന് വിശ്വാസമാണ്. എല്ലാ കേസുകളും എഡി ജയിച്ചിട്ടുണ്ട്. ദണ്ഡപാണി അധികാരമേറ്റശേഷം എല്ലാ കേസുകളും ജയിച്ചിട്ടുണ്ട്. കാര്യക്ഷമത കൂടിയ വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്ത്ര പ്രമേയ ചര്‍ച്ചയിലാണ് അദ്ദേഹം അഡ്വക്കറ്റ് ജനറലിനെ ന്യായീകരിച്ച് രംഗത്ത് എത്തിയത്. എത്തിപ്പെടുന്ന സ്ഥാനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും ആരും മറക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചില ഹര്‍ജികളുടെ വാദത്തിനിടെ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസാണ് അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെതിരെയും ഗവ. പ്ലീഡര്‍മാരുടെ പ്രവര്‍ത്തനത്തെയും നിശിതമായി വിമര്‍ശിച്ചത്. അഡ്വക്കറ്റ് ജനറല്‍ ഓഫീസ് കാര്യക്ഷമമല്ല. ഇതിലും ഭേദം പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതാണ്. സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ 120 ഓളം അഭിഭാഷകരുണ്ട് എന്നിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമല്ലെന്നുമാണ് വാക്കാല്‍ ഹൈക്കോടതി പരമാര്‍ശിച്ചത്.