സര്‍ക്കാരിന്റെ ഹീനമുഖമാണ് ഹൈക്കോടതിയിൽ തെളിയുന്നത്: പിണറായി

Webdunia
ശനി, 21 നവം‌ബര്‍ 2015 (12:56 IST)
ബാര്‍ കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തിയതിനെ പിന്തുണച്ചു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍. മുഖ്യമന്ത്രി ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ ഈ ഹീനമുഖമാണ് ഹൈക്കോടതിയിൽ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പുര്‍ണ്ണ രൂപം:-

ആരോപണ വിധേയർ അധികാരത്തിലിരിക്കുമ്പോൾ, അഴിമതി കേസിൽ നീതിപൂർവകമായ അന്വേഷണം സാധ്യമല്ല. അത് കൊണ്ടാണ്, കോടതിയുടെ നിരീക്ഷണത്തിൽ ബാർ കോഴക്കേസ് അന്വേഷിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
ഞങ്ങൾ ആവർത്തിച്ചു പറഞ്ഞ കാര്യങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നതും സ്ഥിരീകരിക്കുന്നതും.
ആരോപണ വിധേയർ നിരപരാധികൾ ആണെന്ന് മുഖ്യമന്ത്രി തന്നെ ആവർത്തിച്ചു പറയുന്നു. അവരെ രക്ഷിക്കാൻ നിയമ വിരുദ്ധമായ മാർഗങ്ങൾ അവലംബിക്കുന്നു. ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ ഈ ഹീനമുഖമാണ് ഹൈക്കോടതിയിൽ തെളിയുന്നത്.
കേസ് അട്ടിമറിക്കാൻ സർക്കാർ സംവിധാനം പരക്കെ ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥ കോടതി തന്നെ തുറന്നു കാട്ടുകയാണ്.

ഇന്നത്തെ കോടതിയുടെ പരാമര്‍ശം:-

അന്വേഷണം നീതീപൂര്‍വ്വകമാകില്ലെന്നും കേരളത്തിലെ ഒരു മന്ത്രിക്കെതിരെ ഉള്ള ആരോപണം അന്വേഷിക്കുന്നത് സിബിഐ പോലെയുള്ള ഏജന്‍സികളെ ഏല്‍പ്പിക്കന്നതല്ലെ ഉചിതം എന്നും കോടതി ചോദിച്ചു. മന്ത്രി കുറ്റക്കാരനല്ല എന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പറഞ്ഞിരുന്നു. അങ്ങനെയുള്ള അവസരത്തില്‍ സര്‍ക്കാരിനു കീഴിലുള്ള പൊലീസ് അന്വേഷണം എങ്ങനെ കാര്യക്ഷമമാകുമെന്ന് കോടതി ചോദിച്ചു.എങ്ങനെ സ്വതന്ത്രമായി അന്വേഷിക്കുമെന്നും കോടതി ചോദിച്ചു.  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ഇന്ന് ഉച്ചയ്ക്കകം അഡ്വക്കേറ്റ് ജനറല്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചത്.

ജസ്റ്റിസ് സുധീന്ദ്രകുമാറാണ് സര്‍ക്കാരിനെതിരെ തിരിഞ്ഞത്. മാണിക്കെതിരെആയ ബാര്‍ കോഴ ആരോപണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാറുടയും തൊടുപുഴ സ്വദേശിയുമായ സണ്ണിമാത്യു നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.