പാഠപുസ്തക വിതരണം: 23ന് പൂർത്തിയാക്കുമെന്നു സർക്കാർ

Webdunia
ബുധന്‍, 8 ജൂലൈ 2015 (11:19 IST)
പാഠപുസ്തകം അച്ചടി വൈകിയ സംഭവത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജൂലായ് 23 നകം എല്ലാ സ്‌കൂളിലും പാഠപുസ്തകം എത്തിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇരുപതിന് പാഠപുസ്തക അച്ചടി അവസാനിക്കും.  പുസ്തക വിതരണം വൈകുന്നത് സംബന്ധിച്ച രണ്ട് പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കവെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെഎ ജലീൽ സര്‍ക്കാര്‍ നിലപാട് കോടതിയില്‍ അറിയിച്ചത്.

കേസില്‍ കെബിപിഎസിനെ (കേരള ബുക്ക്സ് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റി) ഹൈക്കോടതി കക്ഷിചേര്‍ത്തു. കെബിപിഎസ് നിലപാട് വിശദീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. അച്ചടി കരാര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി ഇന്ന് ഉച്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

സംസ്ഥാനത്ത് ഏകദേശം രണ്ടരക്കോടി പുസ്തകങ്ങളാണ് ആവശ്യമുള്ളത്. ഇനി 10 ശതമാനം മാത്രമാണ് അച്ചടി പൂര്‍ത്തിയാക്കാനുള്ളതെന്നും തയ്യാറായ 40 ലക്ഷം പുസ്തകങ്ങള്‍ ഉടന്‍ വിതരണം ചെയ്യും. 24 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. തയാറായ പാഠപുസ്തകങ്ങള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് ഓണപരീക്ഷക്കു മുന്‍പ് പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയില്ല എന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

പാഠപുസ്തക അച്ചടി ആവശ്യമെങ്കിൽ സ്വകാര്യ പ്രസുകളെ ഏൽപ്പിക്കാൻ കെബിപിഎസിനു സർക്കാർ ഇന്നലെ നിർദേശം നൽകിയിരുന്നു. ഈ മാസം 18നകം അച്ചടികൾ പൂർത്തിയാക്കണമെന്നും ഇരുപതാം തീയതിക്കു മുൻപു പാഠപുസ്കങ്ങളുടെ വിതരണം പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബും പങ്കെടുത്ത ഉന്നതതലയോഗം നിർദേശിച്ചു.