മദ്യപിച്ചു വാഹനമോടിച്ചു എന്ന പേരില്‍ മാത്രം അപകട ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

ബുധന്‍, 19 ഒക്‌ടോബര്‍ 2022 (10:17 IST)
അമിതമായി മദ്യപിച്ചിരുന്നതിന്റെ പേരില്‍ മാത്രം അപകട മരണത്തിനിരയായ ആളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക നിഷേധിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. അമിത അളവില്‍ മദ്യം കഴിച്ച് വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാന്‍ സാധിക്കൂവെന്ന് കോടതി പറഞ്ഞു. അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിയുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കാനുള്ള ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. 
 
2009 മേയ് 19 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഇറിഗേഷന്‍ വകുപ്പില്‍ ജീവനക്കാരനായിരുന്ന തൃശൂര്‍ സ്വദേശി ദേശീയപാതയിലൂടെ ബൈക്കില്‍ യാത്ര ചെയ്യവേ, എതിര്‍വശത്തുനിന്ന് മറ്റൊരു വാഹനത്തെ മറികടന്നുവന്ന ടൂറിസ്റ്റ് ബസ് ഇടിച്ചാണ് മരിച്ചത്. അശ്രദ്ധയോടെ ബസ് ഓടിച്ചതിനു ബസ് ഡ്രൈവറുടെ പേരില്‍ പൊലീസ് കേസെടുത്തിരുന്നു. വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ ലൊക്കേഷന്‍ സ്‌കെച്ചിലും ബൈക്ക് യാത്രക്കാരന്‍ തന്റെ വശത്തിലൂടെ തന്നെയാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമാണ്. 
 
എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും രക്തരാസ പരിശോധന റിപ്പോര്‍ട്ടിലും ബൈക്ക് ഓടിച്ചിരുന്ന ആളുടെ ശരീരത്തില്‍ അളവില്‍ കൂടുതല്‍ മദ്യമുള്ളതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് തുക നിഷേധിച്ചു. മരിച്ചയാളുടെ ആശ്രിതര്‍ക്ക് ഏഴ് ലക്ഷം രൂപ ഇന്‍ഷുറന്‍സായി നല്‍കാന്‍ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 
 
മദ്യത്തിന്റെ അളവിനെ മാനദണ്ഡമാക്കി മാത്രം ഇന്‍ഷുറന്‍സ് തുക നിഷേധിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍