സംസ്ഥാനത്ത് ശക്തമായ മഴപെയ്യുന്ന സാഹചര്യത്തില്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാന്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. കാലാവസ്ഥ മുന്നറിയിപ്പും മലയോര മേഖലയിലേയും വനത്തിലേയും ഉള്‍പ്പെടെ മഴയുടെ അവസ്ഥയും പരിശോധിച്ച് മനസ്സിലാക്കി മൈക്ക് അനൗണ്‍സ്‌മെന്റിലൂടെയും ക്യാമ്പുകളിലേക്ക് മാറാനുള്ള നിര്‍ദേശം സമയബന്ധിതമായി ജനങ്ങള്‍ക്ക് നല്‍കണം. അടുത്തുള്ള തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, റവന്യൂ അധികാരികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെയെല്ലാം സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതാണ്.
ക്യാമ്പുകള്‍ സജ്ജമാക്കിയ വിവരം അപകട സാധ്യതയുള്ള വീട്ടുകാരെ മുന്‍കൂട്ടി അറിയിക്കുകയും മാറി താമസിക്കേണ്ട ഘട്ടത്തില്‍ അവരെ അതിന് നിര്‍ബന്ധിക്കുകയും ചെയ്യണം. ഉദ്യോഗസ്ഥരുടെ ലഭ്യത ഉറപ്പാക്കുകയും ഔദ്യോഗിക വിവരങ്ങള്‍ ജനപ്രതിനിധികള്‍ അറിയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.