ചെന്നൈ വെള്ളത്തില്‍; ഗതാഗതം താറുമാറായി, നഗരം ഇരുട്ടിലേക്ക്
ചൊവ്വ, 1 ഡിസംബര്‍ 2015 (19:21 IST)
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മഴ ശക്തമായി. തിങ്കളാഴ്‌ച വൈകുന്നേരം മുതല്‍ ആരംഭിച്ച മഴയെത്തുടര്‍ന്ന് ചെന്നൈ നഗരമടക്കം പലയിടങ്ങളും വെള്ളത്തിലായി. കനത്ത നാശനഷ്‌ടങ്ങളാണ് പലയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ സര്‍വീസുകളും ബസ് സര്‍വിസുകളും ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈദ്യുതി ബന്ധം താറുമാറായതോടെ നഗരം ഇരുട്ടിലായിരിക്കുകയാണ്.
മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയില്‍ ചെന്നൈ നഗരമടക്കമുള്ള ജില്ലകള്‍ വെള്ളത്തിലായിരിക്കുകയാണ്. തിരുവള്ളൂര്‍, കടലൂര്‍, വിഴുപുരം, തിരുവണ്ണാമല എന്നീ ജില്ലകളിലെ ജനജീവിതം താറുമാറായി. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഗതാഗതം തടസപ്പെട്ടു. ചെന്നൈയിലെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന സബര്‍ബന്‍ ട്രെയിനുകള്‍ പലതും നിര്‍ത്തിവെച്ചിരിക്കുകയാണ്. വിമാനസര്‍വീസുകള്‍ വൈകിയതിന് പിന്നാലെ പല സര്‍വീസുകളും ക്യാന്‍സല്‍ ചെയ്‌തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ചെന്നൈയില്‍ വെള്ളക്കെട്ടുകളില്‍ വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റു. വെള്ളക്കെട്ടുകളില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടതോടെ ട്രാഫിക് കുരുക്ക് രൂക്ഷമായി. വീടുകളില്‍ വെള്ളം കയറിയതിനാല്‍ ജനങ്ങള്‍ വീട് വിട്ട് പോയ അവസ്ഥയാണ് പലയിടത്തും. ചേരിപ്രദേശങ്ങളിലെ വീടുകള്‍ ഇടിഞ്ഞു വീണ് പലര്‍ക്കും പരുക്കേറ്റു. വൈദ്യുതി ബന്ധം താറുമാറായ അവസ്ഥയിലാണ്. ഷോക്കേറ്റ് മരണം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചതിന് പിന്നാലെ ഹോട്ടലുകളും ചായക്കടകളും നേരത്തെ അടയ്‌ക്കുകയും ചെയ്‌തു. ചെന്നൈ, തിരുവള്ളൂര്‍, കടലൂര്‍, വിഴുപുരം, തിരുവണ്ണാമല എന്നീ ജില്ലകളിലും പുതുച്ചേരിയിലും വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
തമിഴ്‌നാട്ടിന്റെ കടലോരജില്ലകളിലും പുതുച്ചേരിയിലുമാണ് ശക്തമായ മഴ. വിഴുപുരം, കടലൂര്‍, തിരുവണ്ണാമല, തിരുച്ചിറപ്പിള്ളി, തഞ്ചാവൂര്‍, നാഗപട്ടണം, തിരുവാരൂര്‍ ജില്ലകളിലും കനത്ത മഴപെയ്തു. കനത്ത മഴയില്‍ വെള്ളം കയറിയതിനാല്‍ ഈറോഡ് ജില്ലയില്‍നിന്നുള്ള പച്ചക്കറിനീക്കം നിലച്ചു. ഈറോഡ് ജില്ലയില്‍ തുടര്‍ച്ചയായി മഴപെയ്യുകയാണ്. വാനൂര്‍, തിരുഭുവനം, മണല്‍മേല്‍ക്കുടി, വിഴുപുരം, തഞ്ചാവൂര്‍, അയക്കുടി, തിരുവാരൂര്‍, തിരുവമാനൂര്‍, പാപനാശം, അരിയല്ലൂര്‍, കുന്നൂര്‍, തെങ്കാശി, രാമനാഥപുരം, തിരുവണ്ടാള, തിരുനല്‍വേലി, കാരൈക്കുടി തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മഴ തുടരുകയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം അതേ സ്ഥലത്ത് തുടരുന്നതിനാല്‍ ഇനി മൂന്നുദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.