രണ്ട് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, തീരദേശത്തും മലയോരമേഖലയിലും വ്യാപകമായ നാശനഷ്ടം

Webdunia
ശനി, 13 നവം‌ബര്‍ 2021 (18:57 IST)
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപംകൊണ്ട സാഹചര്യത്തിൽ രണ്ട് ദിവസം കേരളത്തിൽ അതിശക്തമായ മഴ‌യ്‌ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമർദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
 
തെക്ക് കിഴക്കന്‍ അറബിക്കടലിലും വടക്കന്‍ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ/അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത.
 
കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലയിലും മലയോരമേഖലയില്‍ വ്യാപകമായ നാശനഷ്ടമാണുണ്ടായത്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും തോർന്നിട്ടില്ല. നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലകളായ പൊന്‍മുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ കാരണം വ്യാപകമായ നാശനഷ്ടമുണ്ടായി. വാമനപുരം നദി കരകവിഞ്ഞൊഴുകുകയാണ്.
 
വിനോദസഞ്ചാര മേഖലകളിലുള്ളവരോടും എത്രയും വേഗം മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയിൽറെയില്‍, റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം നാഗർകോവില്‍ പാതയില്‍ മൂന്നിടത്ത് മണ്ണിടിച്ചിലുണ്ടായി. ഇവിടെ ഗതാഗതം ഇതുവരെയും പുനഃസ്ഥാപിക്കാൻ ആയിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ പാലം ഭാഗികമായി തകര്‍ന്നതിനാല്‍ റോഡ് ഗതാഗതവും തടസ്സപ്പെട്ടു.ഇവിടെ തമിഴ്‌നാട്ടിലേക്കും തിരിച്ച് തിരുവനന്തപുരത്തേക്കുമുള്ള വാഹനങ്ങള്‍ വഴിതിരിച്ച് വിടുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article