കലിതുള്ളി കാലവർഷം; ബാധിച്ചത് ഭീമമായ നഷ്‌ടം, കേരളം 113 കോടി അനുവദിച്ചു - കേന്ദ്രം ഇടപെടണമെന്ന് സർക്കാർ

Webdunia
വ്യാഴം, 19 ജൂലൈ 2018 (07:59 IST)
പ്രകൃതി ദുരന്തത്തിൽ കേരളത്തിൽ ഇതുവരെയുള്ള നഷ്ടം 192.49 കോടി രൂപ. മെയ് 29 മുതൽ ജൂലൈ 18 രാവിലെ വരെയുള്ള കണക്കാണിത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ നഷ്ടം– 31.91 കോടി. ഇടുക്കി (24.19 കോടി), തൃശൂർ (19.78 കോടി) എന്നീ ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലെന്ന് ലാൻഡ് റവന്യു കമ്മിഷണറേറ്റ് അറിയിച്ചു.
 
സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്തി അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോട് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടു.
 
അതേസമയം, മഴക്കെടുതിയെത്തുടർന്നുള്ള ദുരിതാശ്വാസത്തിനായി 113.19 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. തുക അടിയന്തരമായി വിതരണം ചെയ്യാൻ കലക്ടർമാർക്കു നിർദേശം നൽകി. 
 
വെളളപ്പൊക്കം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നിവ മൂലം സംസ്ഥാനത്തെ 27000ത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. തീരപ്രദേശത്തെയും സമതലങ്ങളെയും മലയോര മേഖലകളെയും ഒരുപോലെ ദുരിതം ബാധിച്ചിട്ടുണ്ട്.
 
965 വില്ലേജുകളെ കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്. ഇതിനകം 90 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമ്പതിലേറെ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. 333 വീടുകൾ പൂർണമായും എണ്ണായിരത്തിലധികം വീടുകൾ ഭാഗികമായും തകർന്നു.
 
പതിനായിരത്തോളം ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടയിലാണ് ഇത്രയും ഭീമമായ നഷ്ടമുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article