അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

രേണുക വേണു
ബുധന്‍, 13 നവം‌ബര്‍ 2024 (08:53 IST)
Head Light

രാത്രി യാത്രയില്‍ അനാവശ്യമായി ഹെഡ് ലൈറ്റ് ഹൈ ബീമില്‍ തെളിയിക്കുന്നത് കുറ്റകരമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. 'നിങ്ങളുടെ ബ്രൈറ്റ് ലൈറ്റ് മറ്റുള്ളവര്‍ക്ക് ഇരുട്ടാകരുത്' എന്നാണ് എംവിഡി നല്‍കുന്ന നിര്‍ദേശം. ഹെഡ് ലൈറ്റിന്റെ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് എംവിഡി വിശദീകരിക്കുന്നു. 
 
രാത്രി യാത്രയില്‍ നല്ല ഹെഡ് ലൈറ്റുകള്‍ അത്യാവശ്യമാണ്. എന്നാല്‍ എതിരെ വരുന്ന ഡ്രൈവര്‍മാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. റോഡില്‍ അവശ്യം പാലിക്കേണ്ട മര്യാദകളില്‍ ഒന്നാണ് രാത്രി യാത്രകളില്‍ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്നത്. അവശ്യ ഘട്ടങ്ങളില്‍ മാത്രം ഹെഡ് ലൈറ്റ് ഹൈ ബീമില്‍ തെളിയിക്കുക.
 
ഓര്‍ക്കുക, താഴെ പറയുന്ന സമയങ്ങളില്‍ ഹെഡ് ലൈറ്റ് ഡിം ചെയ്ത് മാത്രം സഞ്ചരിക്കുക.
 
1. എതിരെ വരുന്ന വാഹനം ഒരു 200 മീറ്ററെങ്കിലും അടുത്തെത്തുമ്പോള്‍
 
2. സ്ട്രീറ്റ് ലൈറ്റ് പ്രവര്‍ത്തിക്കുന്ന റോഡുകളില്‍
 
3. ഒരു വാഹനത്തിന്റെ തൊട്ടുപിറകില്‍ പോകുമ്പോള്‍
 
കൂടാതെ രാത്രിയില്‍ ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും ഹെഡ്‌ലൈറ്റ് ഡിം ആക്കാന്‍ മറക്കരുത്. കാരണം അതിശക്തമായി തെളിഞ്ഞു നില്‍ക്കുന്ന ഹെഡ്‌ലൈറ്റ് പ്രകാശത്തില്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഇന്‍ഡിക്കേറ്ററിന്റെ തീവ്രത കുറഞ്ഞ പ്രകാശം എതിരെ വരുന്നവരുടെ കണ്ണില്‍ പെടില്ല. ഇത് അപകടത്തിലേക്ക് വഴിതെളിക്കും.
 
പല വാഹന നര്‍മ്മാതാക്കളും ഹാലജന്‍ ലാംബുകള്‍ക്ക് പകരം LED ലാംബുകളും HID ലാംബുകളും ഹെഡ് ലൈറ്റില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം ലാംബുകള്‍ക്ക് നിര്‍മ്മാണ ചെലവും പരിപാലന ചെലവും കൂടുതലായതിനാല്‍ പല സാധാരണ വാഹനങ്ങളിലും നിര്‍മ്മാതാക്കള്‍ ഹാലജന്‍ ലാംബുകള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. വാഹന ഉടമകള്‍ ഹെഡ് ലൈറ്റ് റിഫ്‌ളക്ടറിലെ ഹാലജന്‍ ബള്‍ബ് നീക്കം ചെയ്ത് അവിടെ നേരിട്ട് LED അല്ലെങ്കില്‍ HID ബള്‍ബ് ഘടിപ്പിക്കുമ്പോള്‍ പലപ്പോഴും മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് വ്യാകുലരാവുന്നില്ല.
 
ലാംബ് മാറ്റി ഇടുന്നത് ഹെഡ് ലൈറ്റ് ഫോക്കസിംഗില്‍ മാറ്റം വരുത്തുകയും അത് വഴി വെളിച്ചത്തിന്റെ തീവ്രത, പ്രസരണം എന്നിവ മാറുന്നത് വഴി ഹെഡ്‌ലൈറ്റ് ഡിം ചെയ്താല്‍ പോലും എതിരെയുള്ള വാഹനങ്ങളില്‍ ഉള്ള ഡ്രൈവര്‍ക്ക് ഒന്നും കാണുവാന്‍ പറ്റാതെ ഡാസ്ലിംഗ് ഉണ്ടാകുന്നു. LED, HID ബള്‍ബുകളില്‍ റിഫ്‌ളക്ടറുകള്‍ക്കു പകരം പ്രവര്‍ത്തിക്കാന്‍  പ്രോജക്ടര്‍ ലെന്‍സ് സജ്ജീകരണം ആണ് പലപ്പോഴും ഉപയോഗിക്കുന്നത്. അത്തരം സജ്ജീകരണം മിന്നല്‍ പ്രകാശം ഉണ്ടാക്കില്ല. 
 
അനധികൃത മാറ്റങ്ങള്‍ നടത്തുന്നത് മറ്റുള്ളവരെ അപകടത്തിലാക്കും. റോഡ് ഉപയോഗിക്കുമ്പോള്‍ നല്ല ശൈലിയും പെരുമാറ്റവും കാണിക്കുന്ന ഒരു സംസ്‌കാരം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം അനധികൃതവും അപകടകരവുമായ മാറ്റം വരുത്തലുകളില്‍ വിട്ടു നില്‍ക്കാന്‍ ഏവരും ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
നമ്മുടെ അമിത പ്രകാശം മറ്റുള്ളവരില്‍ ഇരുട്ടായി പടരാതെ ഇരിക്കട്ടെ.. സ്‌നേഹത്തോടെ MVD Kerala.

അനുബന്ധ വാര്‍ത്തകള്‍

Next Article