അക്രമ രാഷ്ട്രീയം പടർന്നു പന്തലിയ്ക്കുന്ന നാടായി മാറുകയാണ് കേരളം. വെട്ടാൻ വന്നാൽ ആരായാലും വെട്ടുമെന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ് കാര്യങ്ങൾ. തടയാൻ വരുന്നവരുടെ കുറവുകളോ നിരപരാധിത്വമോ ഒന്നും ആരും നോക്കുന്നില്ല. എം ജി സര്‍വകലാശാല കവാടത്തില്‍ കെഎസ്‌യു ഗുണ്ടാസംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ച സച്ചുവിന് ഒന്നും മറക്കാൻ കഴിയില്ല.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ എം അരുണിനെ വെട്ടാനായിരുന്നു അവർ എത്തിയതെന്ന് സച്ചു പറയുന്നു. കാറിലെത്തിയ അരുണിനെ വെട്ടുന്നത് കണ്ടാണ് ഓടിച്ചെന്നത്. തടയാന്‍ ശ്രമിച്ചപ്പോള്‍ എന്നേയും ആക്രമിച്ചു. ഒരു കൈയില്ലെന്നു കണ്ടിട്ടും അവര്‍ വെറുതെവിട്ടില്ല. "അതു കൂടി ഞങ്ങളെടുക്കുകയാണ്, ഇനി നീ പഠിക്കുന്നത് കാണട്ടെ'' എന്ന് പറഞ്ഞാണ് വെട്ടിയത്. സച്ചു പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സച്ചുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പത്തു സെന്റീമീറ്റര്‍ നീളത്തിലാണ് മുറിവ്. എല്ലു മുറിഞ്ഞതിനാല്‍ ദീര്‍ഘനാളത്തെ ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു. തിങ്കളാഴ്ച ഇന്റേണല്‍ പരീക്ഷയുണ്ട്. അത് എഴുതാനാവില്ല. മൂന്നുമാസം കഴിഞ്ഞുള്ള സെമസ്റ്റര്‍ പരീക്ഷയും നഷ്ടമാകുന്ന സ്ഥിതിയാണ്.
വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് എസ്എഫ്ഐ ജില്ലാപ്രസിഡന്റ് കെ എം അരുണിനെയും സച്ചുവിനെയും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാസംഘം വെട്ടിയത്. നാലു വാടകഗുണ്ടകള്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. വെട്ടേറ്റ വിദ്യാര്‍ഥി അംഗപരിമിതനാണെന്നറിഞ്ഞിട്ടും ആ ക്രൂരതക്കെതിരെ പ്രതികരിക്കാന്‍ ഒരു മനുഷ്യവകാശ പ്രവര്‍ത്തകരോ ദളിത് സ്നേഹിയോ രംഗത്തെത്തിയിട്ടില്ലെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.