ഹൈബിയും വിഷ്‌ണുനാഥും മോന്‍സും ടീം സോളാറില്‍ നിന്ന് കമ്മീഷന്‍ കൈപ്പറ്റിയെന്ന്

Webdunia
ചൊവ്വ, 1 ഡിസം‌ബര്‍ 2015 (14:17 IST)
സംസ്ഥാന നിയമസഭയിലെ യുവ എം എല്‍ എമാരായ ഹൈബി ഈഡന്‍, പി സി വിഷ്‌ണു നാഥ്, മോന്‍സ് ജോസഫ് എന്നിവര്‍ ടീം സോളാറില്‍ നിന്ന് കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്‌ണന്‍. കേസ് അന്വേഷിക്കുന്ന കമ്മീഷന്‍ മുമ്പാകെ നല്കിയ മൊഴിയിലാണ് ബിജു ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
 
സോളാർ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷന് മുമ്പാകെയാണ് ബിജു മൊഴി നല്കിയത്. മൊത്തം ലാഭത്തിന്റെ 20 ശതമാനമാണ് ഈ മൂന്ന് എം എൽ എമാരും കമ്മീഷൻ പറ്റിയത്. കൊച്ചിയിൽ നടന്ന എക്സ്പോയിലടക്കം കമ്പനിയുടെ പ്രമോഷനു വേണ്ടി ജനപ്രതിനിധികൾ പ്രവർത്തിച്ചു. 
 
കമ്പനി നടത്താൻ വേണ്ടി ആര്യാടൻ മുഹമ്മദ്, കെ സി വേണുഗോപാൽ, കെ ബി ഗണേഷ്കുമാർ എന്നിവർക്ക് ലക്ഷങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ഇന്നലെ ബിജു മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജു രാധാകൃഷ്‌ണന്റെ പുതിയ വെളിപ്പെടുത്തൽ.
 
എറണാകുളം സിറ്റി പൊലീസ് കമീഷണർ ഓഫീസിലെ ക്യാമ്പ് ഓഫീസില്‍ സോളാർ ഹീറ്റർ സ്ഥാപിക്കാനും സി എം എസ് കോളജ് അടക്കം 12 സ്ഥലങ്ങളിൽ സോളാർ പ്രൊഡക്ടിനുള്ള ഓർഡർ വാങ്ങിത്തരാനും ഹൈബി ഈഡൻ സഹായിച്ചു എന്നും ബിജു മൊഴി നൽകി.
 
കെ സി വേണുഗോപാലിന് രണ്ടു തവണയായി 35 ലക്ഷം രൂപ നൽകി എന്നായിരുന്നു ബിജു ഇന്നലെ നൽകിയ മൊഴി.