ഹാദിയയുടെ (അഖില) മതംമാറ്റവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയെ വിമർശിച്ച് സുപ്രീംകോടതി. വിവാഹവും എൻഐഎ അന്വേഷണവും രണ്ടും രണ്ടാണെന്ന് വ്യക്തമാക്കിയ കോടതി ഹേബിയസ് കോർപ്പസ് ഹർജിയിൽ വിവാഹം റദ്ദാക്കാൻ കഴിയുമോയെന്നും ചോദിച്ചു.
മാനസിക പ്രശ്നങ്ങൾ ഇല്ലാത്തയാൾക്ക് സ്വന്തമായി തീരുമാനമെടുക്കാം. അതിനാല്‍ ഹാദിയയ്ക്കു പറയാനുള്ളതു കേൾക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. കേസ് ഈ മാസം 30ന് പരിഗണിക്കാനായി മാറ്റി.
അതിനിടെ കേസിലെ വാദം പുരോഗമിക്കുന്നതിനിടെ ആഭിഭാഷകർ തമ്മില്‍ തര്‍ക്കമുണ്ടായി. എൻഐഎ കേന്ദ്രസർക്കാരിന്റെ കയ്യിലെ പാവയാണെന്നു ഷഫിൻ ജഹാന്റെ അഭിഭാഷകൻ ആരോപിച്ചു. ബിജെപി നേതാക്കളുടെ പേര് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വാദം. വാഗ്വാവാദം ശക്തമായതോടെ കോടതി ഇടപെട്ടു.
കോടതിയില്‍ രാഷ്‌ട്രീയം പറയേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമത്തിന്റെ പുറത്തുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു. തുടര്‍ന്ന് കേസ് മാറ്റിവെക്കുന്നതായി സുപ്രീംകോടതി അറിയിക്കുകയായിരുന്നു.
അതേസമയം കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ നൽകിയ ഹർജിയിൽ കോടതി ഇന്ന് നിലപാടറിയിച്ചില്ല.