ഗുരുവായൂരിൽ വഴിപാടുകൾ വർധിച്ചു : കഴിഞ്ഞ ദിവസം മാത്രം 51 ലക്ഷം രൂപയുടെ വഴിപാട്
ഗുരുവായൂർ: കോവിഡ് നിയന്ത്രണങ്ങൾ ഒരളവ് പിൻവലിച്ചതോടെ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തജനം തിക്കിത്തിരക്കി എത്തിത്തുടങ്ങുകയും വഴിപാടുകൾ വർധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഞായറാഴ്ച അവധി കൂടി ആയതോടെ ഒട്ടാകെ 51 ലക്ഷം രൂപയുടെ വഴിപാടാണ് ഇവിടെ ശീട്ടാക്കിയത്.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ 12 വിവാഹങ്ങൾ നടന്നപ്പോൾ 937 കുഞ്ഞുങ്ങൾക്ക് ചോറൂണും നടത്തി. ഗുരുവായൂർ ക്ഷേത്രത്തിൽ ഇതൊരു റെക്കോഡാണ്. നിലവിൽ ഓൺലൈൻ വഴി ദർശനത്തിനു അനുമതിയുള്ളത് പതിനായിരം പേർക്കാണ്. എന്നാൽ ഇതിനൊപ്പം നിരവധി പേര് ഓൺലൈൻ ബുക്ക് ചെയ്യാതെ തന്നെ നേരിട്ട് എത്തിയിരുന്നു. ഭക്തജനങ്ങളുടെ ക്യൂ വടക്കേ നട വരെ നീളുകയും ചെയ്തു. ഇതിന്റെ തുടർന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിവരെ ക്ഷേത്രം തുറന്നിരുന്നു. അകെ 51.16 ലക്ഷം രൂപയുടെ വഴിപാടാണ് നടന്നത്.
ഇതിനൊപ്പം ദർശനത്തിനു ക്യൂവിൽ നിൽക്കാതെ തൊഴാൻ അവസരം ലഭിക്കുന്നതിനുള്ള ശ്രീലകത്തു നെയ് വിളക്ക് വഴിപാട് 774 എണ്ണം നടന്നപ്പോൾ അതിലൂടെ 10.49 ലക്ഷം രൂപ വരുമാനമായി. വഴിപാട് വകയിൽ തുലാഭാരത്തിലൂടെ 25.94 ലക്ഷം രൂപ ആയപ്പോൾ നെയ് വിളക്കിലൂടെ 10.80 ലക്ഷവും പാൽപ്പായസ വഴിപാടിലൂടെ 5.05 ലക്ഷവും ലഭിച്ചു. ഇതിനും പുറമെ 60 പുതിയ വാഹന പൂജയും നടന്നു.