ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സഹായിക്കാന്‍ സര്‍ക്കാര്‍ പദ്ധതി

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (16:14 IST)
ഗള്‍ഫ് നാടുകളില്‍ വര്‍ഷങ്ങളായി കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കവെ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം.
 
നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ പ്രവാസിസംഘടനകളുമായി സഹകരിച്ചായിരിക്കും പദ്ധതി തയ്യാറാക്കുക. ഇത്തരത്തിലുള്ളവരെ നാട്ടിലെത്തിക്കാന്‍ ചില വിമാനക്കമ്പനികള്‍ സൌജന്യമായി ടിക്കറ്റ് വാഗ്‌ദാനം ചെയ്തിട്ടുണ്ട്.
 
സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതില്‍ ഒന്നും ഉള്‍പ്പെടുത്താത്തവരെ വിമാനം ചാര്‍ട്ട് ചെയ്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളെ സഹായിക്കുക എന്ന ലക്‌ഷ്യത്തോടെ ആയിരുന്നു സര്‍ക്കാര്‍ എയര്‍കേരള വിഭാവനം ചെയ്തത്. എയര്‍ കേരള നീണ്ടു പോകുന്ന സാഹചര്യത്തില്‍ ആണ്‌ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ മറ്റു പദ്ധതികള്‍ തയ്യാറാക്കുന്നതെന്നും എന്നാല്‍ എയര്‍ കേരള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.