കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. നിയമസഭയില്‍ നയപ്രഖ്യാപനപ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇങ്ങനെ പറഞ്ഞത്. സ്മാര്‍ട് സിറ്റി ആദ്യഘട്ടം ഈ മാസമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിച്ചിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. കൊച്ചി മെട്രോ, ലൈറ്റ് മേട്രോ എന്നിവ അതിന് ഉദാഹരണങ്ങളാണ്. കൊച്ചി മെട്രോയുടെ ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാകുമെന്നും കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം അമ്പതു ശതമാനം പൂര്‍ത്തിയായെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തെ രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. അഞ്ചു വര്‍ഷം കൊണ്ട് ദേശീയ ശരാശരിയേക്കാള്‍ സാമ്പത്തികവളര്‍ച്ച നേടിയ സംസ്ഥാനമാണ് കേരളമെന്നും ഗവര്‍ണര്‍ പറഞ്ഞു.