സംസ്ഥാനത്തെ ചരക്കു ലോറികള്‍ ജൂലൈ15 മുതല്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് കേരള ഗുഡ്സ് ട്രാന്‍സ്പോര്‍ട്ടേഴ്സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു. പുതിയതായി ഏര്‍പ്പെടുത്തിയ ഇ ഡിക്ളറേഷനു വേണ്ടത്ര സമയം നല്‍കിയില്ലെന്ന് ആരോപിച്ചും ചരക്ക് അയക്കുന്ന സ്ഥാപനം തന്നെ ഡിക്ളറേഷന്‍ തയാറാക്കണമെന്ന നിര്‍ദേശത്തില്‍ പ്രതിഷേധിച്ചുമാണ് ചരക്കുലോറികല്‍ സമരം നടത്തുന്നത്.
അതേസമയം, ഇ ഡിക്ളറേഷന്‍ നടത്താതെ കുടുങ്ങിക്കിടക്കുന്ന ചരക്കുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കോ ബന്ധപ്പെട്ട ഡീലര്‍മാര്‍ക്കോ നികുതി വകുപ്പിന്റെ സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇ ഡിക്ളറേഷന്‍ പൂര്‍ത്തിയാക്കാന്‍ 15 വരെ ഇളവ് അനുവദിച്ചു. ഇപ്പോഴുള്ള ഗതാഗതസ്തംഭനം ഒഴിവാക്കാനാണിത്.
ഇ ഡിക്ലറേഷന്‍ പൂര്‍ത്തിയാകാത്ത 800ല്‍ പരം ചരക്കു വാഹനങ്ങള്‍ വാളയാര്‍ ചെക്പോസ്റ്റില്‍ കുടുങ്ങിക്കിടക്കുകയാണ്. അവശ്യ സാധനങ്ങളടക്കം കേരളത്തിലേക്ക് മരുന്നു കയറ്റി വന്ന വാഹനങ്ങളും ഈ കാരണത്താല്‍ ചെക്പോസ്റ്റില്‍ എത്താന്‍ പോലുമാകാതെ കുടുങ്ങിക്കിടക്കുകയാണ്.
ഇപ്പോഴത്തെ പരിഷ്കാരത്തില്‍ നിന്നു പിന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനാല്‍, ചരക്ക് അയയ്ക്കുന്നയാളോ സ്വീകരിക്കുന്നയാളോ അവരുടെ അക്കൌണ്ട് നമ്പറും പാസ് വേഡും ഉപയോഗിച്ച് നികുതി വകുപ്പിന്റെ സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇ ഡിക്ളറേഷന്‍ പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ തുടരും.
അങ്ങനെ വരുന്ന ചരക്കിന്റെ ഉത്തരവാദിത്തം ആ ഡീലര്‍മാര്‍ക്കായിരിക്കുമെന്നും നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായാണ് നിലവില്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത്. പൊലീസിന്റെയും തമിഴ്നാട്ടിലെ അധികൃതരുടെയും സഹായത്തോടെ ചരക്കും വാഹനങ്ങള്‍ കടന്നുവരാന്‍ വഴിയൊരുക്കയാല്‍ മാത്രമേ ഗതാഗതസ്തംഭനം ഒഴിവാകുകയുള്ളു.
അതേ സമയം ചില ചരക്കു വാഹനങ്ങള്‍ മനപൂര്‍വം ഗതാഗതസ്തംഭനത്തിനു ശ്രമിക്കുന്നതായുള്ള കലക്ടറുടെ പ്രസ്താവന പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നിയമം നടപ്പാക്കുന്നതില്‍ വിരോധമില്ലെന്നും സമയം അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നതിലാണ് പ്രതിഷേധമെന്നും കേരള ഗുഡ്സ് ട്രാന്‍സ്പോര്‍ട്ടേഴ്സ് ഫെഡറേഷന്‍ഭാരവാഹികള്‍ പറഞ്ഞു.