വിതരണത്തിന് കൊണ്ടുപോയ സ്വർണ്ണം കവർന്ന കേസിൽ ഏഴു പേർ അറസ്റ്റിൽ

Webdunia
ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (10:55 IST)
തൃശൂർ : സ്വർണാഭരണ നിർമ്മാണ ശാലയിൽ നിന്ന് വിവിധ ജൂവലറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോയ മൂന്നര കിലോ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ നഗരത്തിലെ കൊക്കാലെയിലെ സ്വർണാഭരണ നിർമ്മാണ ശാലയിൽ നിന്ന് കൊണ്ട്പോയ സ്വർണ്ണം കവർന്നവരെ തൃശൂർ ടൌൺ ഈസ്റ്റ് പൊലീസാണ് പിടികൂടിയത്.
 
ഈ മാസം എട്ടാം തീയതി രാത്രി പതിനൊന്നു മണിക്ക് തൃശൂർ റയിൽവേ സ്റ്റേഷനടുത്ത് വച്ചായിരുന്നു കവർച്ച. തമിഴ്‌നാട്ടിലെ മാർത്താണ്ഡം ഭാഗത്തുള്ള സ്വർണാഭരണ വിൽപ്പന ശാലകളിലേക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുപോയ 1.80  കോടി രൂപയോളം വിലവരുന്ന 3152 ഗ്രാം വരുന്ന സ്വര്ണാഭരണങ്ങളാണ് കവർച്ച ചെയ്തത്.
 
സംഭവത്തിലെ ഒന്നാം പ്രതി അന്തിക്കാട് സ്വദേശി ബ്രോൻസൺ, തൊട്ടിപ്പാൾ സ്വദേശി വിനിൽ വിജയൻ, മണലൂർ സ്വദേശി അരുൺ, അരിമ്പൂർ സ്വദേശി നിധിൻ, മണലൂർ സ്വദേശി മിഥുൻ, കാഞ്ഞാണി സ്വദേശി വിവേക്, ഒളരി ബംഗ്ളാവ് റോഡ് സ്വദേശി രാജേഷ്, ചാലക്കുടി കുറ്റിച്ചിറ സ്വദേശി സുമേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി.അലവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. അതെ സമയം കേസിലെ പ്രധാനികളായ രണ്ടാം പ്രതി നിഖിൽ, മൂന്നാം പ്രതി ജിഫിൻ എന്നിവരും ഇവർക്ക് സഹായ ചെയ്തുകൊടുത്ത മറ്റു നാല് പേരെയും കൂടി പിടികൂടാനുണ്ട്.
 
ഈ സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്ന ആളാണ് അറസ്റ്റിലായ ബ്രോൻസൺ. കമ്മീഷൻ വ്യവസ്ഥയിൽ ഇയാളായിരുന്നു ആഭരണങ്ങൾ വിതരണം ചെയ്തിരുന്നത്. എന്നാൽ ചില പ്രശ്നങ്ങളെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനൊപ്പം ഇയാൾക്ക് പതിനഞ്ചു ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടായിരുന്നു എന്നും സൂചനയുണ്ട്. ഇതിലുള്ള വൈരാഗ്യത്തിലാണ് ബ്രോൻസൺ ആഭരണം തട്ടിയെടുക്കാൻ പദ്ധതിയിട്ടത്. സ്വർണ്ണം വിതരണം ചെയ്യുന്ന രീതി, സമയം എന്നിവയെ കുറിച്ച് ഇയാൾക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നത് കവർച്ചയ്ക്ക് ഇയാൾക്ക് സഹായമായി.
 
കേസിലെ പ്രതികളിൽ ഒരാളായ സുമേഷ് ഒരു പ്രധാന അബ്‌കാരി കേസിലെ പ്രതിയാണ്. നിധിൻ ഒരു കൊലപാതക കേസിലും രാജേഷ് മറ്റൊരു കവർച്ച കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.   
 

അനുബന്ധ വാര്‍ത്തകള്‍

Next Article