ഒരു മാസത്തിനുള്ളിൽ 50 ലേറെ ബൈക്കുകൾ മോഷ്ടിച്ച യുവാക്കൾ പിടിയിൽ

ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (14:41 IST)
കൊല്ലം: ഒരു മാസത്തിനുള്ളിൽ 50 ലേറെ ബൈക്കുകൾ മോഷ്ടിച്ച ശേഷം അവ പൊളിച്ചു വിറ്റ്‌ അടിച്ചുപൊളിച്ചു ജീവിക്കുന്ന യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കുകൾ അതിവിദഗ്ധമായി മോഷ്ടിക്കുന്ന കൊല്ലം സ്വദേശികളായ അനന്തകൃഷ്ണൻ, റോണി, റോബിൻ എന്നിവരെയും കവർന്ന ബൈക്കുകൾ പൊളിച്ചു വിൽക്കാൻ സഹായിച്ചിരുന്ന ഷിബിനെയും ഡെന്നി ജോര്ജിനെയുമാണ് കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ബി.ഷെഫേഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം വിക്ടോറിയ ആശുപത്രിക്കടുത്ത് നിന്ന് വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടിച്ചത്.
 
മോഷ്ടിച്ച ബൈക്കുകൾ പൊളിച്ചു വിൽക്കുന്നതിനാൽ തെളിവുകൾ ലഭിക്കുന്നത് തന്നെ പൊലീസിന് ബുദ്ധിമുട്ടായിട്ടുണ്ട്. ഇവർ മോഷ്ടിച്ച 23 ബൈക്കുകളാണ് അവ പൊളിക്കാൻ നൽകിയിരുന്ന കൊല്ലം നഗരത്തിലെ ഒരു കടയിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. ഈ ബൈക്കുകളിൽ പതിനെട്ടെണ്ണവും മോഷ്ടിച്ചതിന് ഉടമസ്ഥർ പോലീസിൽ പരാതി നൽകിയിരുന്നു. ബാക്കിയുള്ളവയുടെ ഉടമസ്ഥരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
 
റയിൽവേ സ്റ്റേഷൻ, ആശുപത്രികൾ അഞ്ചാലുംമൂട്, ചാത്തന്നൂർ, വർക്കല, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലും വാഹനങ്ങൾ മോഷ്ടിച്ചത്. അതെ സമയം ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് മോഷ്ടിച്ച ബൈക്കുകളുടെ തെളിവ് പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍