അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാക്കളുടെ ഗ്രാമമെന്ന് കുപ്രസിദ്ധി നേടിയ തമിഴ്‌നാട് തിരുനല്‍വേലി ശങ്കരംകോവില്‍ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ളവരാണ് പിടിയിലായത്.
തിരുട്ടുഗ്രാമം സൗത്ത് പനവടലിയിലെ താമസക്കാരായ തങ്കമുത്തു(36), സഹോദരന്‍ അയ്യപ്പന്‍(34), കവര്‍ച്ചാസ്വര്‍ണം വാങ്ങുന്ന കോടീശ്വരനായ ഭരത് സേട്ട് (36), സ്വര്‍ണത്തിന്റെ മാറ്റ് പരിശോധകനും ഇടനിലക്കാരനുമായ പരംജ്യോതി (46) എന്നിവരാണ് പൊലീസ് വലയിലായത്. തങ്കമുത്തുവിന്റേയും അയ്യപ്പന്റേയും സഹോദരീപുത്രന്‍ ശെല്‍വരാജ്(30) ഒളിവിലാണ്.
തങ്കമുത്തുവിനെയാണ് തൃശൂരില്‍വച്ച് പൊലീസ് ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വടക്കഞ്ചേരി മാണിക്യപ്പാടം ഉള്‍പ്പടെ നിരവധി കവര്‍ച്ചകള്‍ സംഘം നടത്തിയിട്ടുള്ളതായി തെളിഞ്ഞത്.
ഈ വര്‍ഷം ഫെബ്രുവരി 10ന് ടൗണിനടുത്ത് മാണിക്യപ്പാടം ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമുള്ള കിരണ്‍ ഭവനില്‍ കിഷോര്‍ ലാലിന്റെ വീട് കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണാഭരണങ്ങളും 40,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചിരുന്നു. കവര്‍ച്ച ചെയ്ത സ്വര്‍ണവും പണവും ആഡംബരങ്ങള്‍ക്കായാണ് ഇവര്‍ ചെലവഴിക്കുന്നത്. ഭൂസ്വത്തും മറ്റു സമ്പാദ്യങ്ങളും ഇവര്‍ക്കുണ്ട്. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സിഐ പറഞ്ഞു.