മുഖ്യാതിഥിയായി ക്ഷണിച്ചില്ല; ഹെഡ്മാസ്‌റ്റര്‍ക്ക് നേരെ ഗണേഷ്‍കുമാറിന്റെ കയ്യേറ്റശ്രമം - കയ്യാങ്കളി തടഞ്ഞത് വേദിയില്‍ ഉണ്ടായിരുന്നവര്‍

Webdunia
ശനി, 10 നവം‌ബര്‍ 2018 (10:40 IST)
ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിക്കാത്തതിന്റെ പേരില്‍ ഗണേഷ് കുമാര്‍ എംഎല്‍എ സ്‌കൂള്‍ ഹെഡ്‌മാസ്‌റ്ററെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. കൊല്ലം ജില്ലയിലെ മാലൂര്‍ ഗവണ്‍മെന്റ് യുപി സ്കൂളിലെ  ശതാബ്ദി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം.

ഉദ്ഘാടന പ്രസംഗത്തില്‍ ഹെഡ്‌മാസ്‌റ്റര്‍ സി വിജയകുമാറിനെതിരെ ഗണേഷ് ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ  സ്കൂള്‍ വികസനവുമായി ബന്ധപ്പെട്ട നിവേദനം നല്‍കാന്‍ ഹെഡ്മാസ്റ്ററേയും പിടിഎ പ്രസിഡന്റിനേയും പഞ്ചായത്ത് പ്രസിഡന്റിനേയും ക്ഷണിച്ചതോടെയാണ് എംഎല്‍എ പ്രകോപിതനായത്.

തനിക്ക് നിവേദനം നല്‍കേണ്ടെന്ന് ഹെഡ്‌മാസ്‌റ്ററോട് എംഎല്‍എ വ്യക്തമാക്കിയതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെ വേദിയില്‍ ഉണ്ടായിരുന്നവര്‍ ഇരുവരെയും പിടിച്ചുമാറ്റി.

ചടങ്ങില്‍ മുഖ്യാതിഥിയായി മന്ത്രി കെ രാജുവിനെ ക്ഷണിച്ചതാണ് എം എല്‍ എയെ ചൊടിപ്പിച്ചതെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നതായും ഹെഡ്‌മാസ്‌റ്റര്‍ പറഞ്ഞതായും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article