350 രൂപ വിലവരുന്ന സൗജന്യ കിറ്റില്‍ ഏഴിനം സാധനങ്ങള്‍

എ കെ ജെ അയ്യര്‍
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (10:01 IST)
സര്‍ക്കാര്‍ നല്‍കുന്ന 350 രൂപാ വിലവരുന്ന സൗജന്യ കിറ്റില്‍ കുറഞ്ഞത് ഏഴിനം സാധനങ്ങള്‍ ഉള്‍ക്കൊള്ളിക്കാമെന്ന് സപ്ലൈക്കോ. വരുന്ന നാലുമാസങ്ങളില്‍ റേഷന്‍ കടകള്‍ വഴി നല്‍കുന്ന സൗജന്യ കിറ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സപ്ലൈക്കോ സര്‍ക്കാരിന് നല്‍കി.
 
തിരുവോണ നാളില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് വരുന്ന നാല് മാസങ്ങളില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് നല്കുന്നതു സംബന്ധിച്ച് പ്രഖ്യാപിച്ചത്. 300 മുതല്‍ 350 രൂപ വരെ വില വരുന്ന സാധനങ്ങള്‍ ഉണ്ടാവണം എന്നാണു സര്‍ക്കാര്‍ സപ്ലൈക്കോയോട് നിര്‍ദേശിച്ചിരുന്നത്.
 
പഞ്ചസാര, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, എന്നിവ എല്ലാ മാസങ്ങളിലെ കിറ്റിലും ഉണ്ടാകും. എന്നാല്‍ വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവ ഒന്നിടവിട്ട മാസങ്ങളിലും ഉണ്ടാകും. ഇതിനൊപ്പം ചെറുപയര്‍ അല്ലെങ്കില്‍ കടല, ഗോതമ്പ് നുറുക്ക് അല്ലെങ്കില്‍ ആട്ട, എന്നിവയും ഇതേ ക്രമത്തില്‍ വിതരണം ചെയ്യാമെന്നാണ് സപ്ലൈകോ സമ്മതിച്ചിരിക്കുന്നത്. ഇത് കൂടാതെ തേയില, ഉപ്പ് എന്നിവ ഉള്‍പ്പെടുത്തി മറ്റൊരു കരട് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article