കന്യാസ്‌ത്രീകളുടെ സമരം പതിനാലാം ദിവസത്തിലേക്ക്; നാടകീയ രംഗങ്ങൾക്കൊടുവിൽ ഫ്രാങ്കോ മുളയ്‌ക്കൽ അറസ്‌റ്റിൽ

വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (13:57 IST)
കന്യാസ്‌ത്രീ നൽകിയ പീഡന പരാതിയെത്തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തി ബിഷപ്പിനെ വൈക്കം മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
 
ഇടക്കാല ജാമ്യം തേടാനുള്ള നീക്കങ്ങള്‍ക്കിടെയാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. അതേസമയം, കുറവിലങ്ങാട് മഠത്തിലെത്തി പൊലീസ് വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുത്തു. ബിഷപ്പിന്റെ വാദങ്ങളിൽ വ്യക്തതയുണ്ടാക്കാനായിരുന്നു മൊഴി വീണ്ടും എടുത്തത്. അതേസമയം, ബിഷപ്പിനെ അറസ്‌റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്‌ത്രീകൾ നടത്തുന്ന സമരത്തിന് ഇന്ന് പതിനാല് ദിവസമാകുകയാണ്.
 
കഴിഞ്ഞ രണ്ട് ദിവസത്തെ ചോദ്യംചെയ്യലിൽ ബിഷപ്പ് നൽകിയ മൊഴി അന്വേഷണ സംഘം വിശദമായി വിലയിരുത്തി. ഇന്നത്തെ ചോദ്യം ചെയ്യൽ കഴിഞ്ഞതിന് ശേഷം അറസ്‌റ്റിന്റെ കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണു ചോദ്യംചെയ്യലില്‍ അന്വേഷണ സംഘം നിരത്തിയത്.
 
തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കൽ ചോദ്യം ചെയ്യൽ നേരിടാൻ ഇന്ന് ഹാജരായത്. എന്നാൽ ഇന്ന് ചോദ്യം ചെയ്യൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആദ്യത്തെ ദിവസം 150 ചോദ്യങ്ങളാണ് ബിഷപ്പ് അഭിമുഖീകരിച്ചത്. അതേസമയം, ബിഷപ്പിന്റെ മൊഴിയിൽ മാറ്റമുള്ളതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്വേഷണ സംഘത്തിന് തൃപ്‌തികരമല്ലാത്ത മറുപടികളാണ് ഫ്രാങ്കോ മുളയ്‌ക്കലിൽ നിന്ന് ലഭിച്ചത്.
 
മൊഴിയിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകളെക്കുറിച്ചുമുള്ള ചോദ്യത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ബിഷപ്പിന് കഴിഞ്ഞില്ലെന്നാണ് വിവരം. ചോദ്യം ചെയ്യലിനോട് ബിഷപ്പ് പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ വ്യക്തമാക്കിയിരുന്നു. ഇന്നലത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചതിന് ശേഷം പോലീസ് 3 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് മൊഴികളിലെ വിശദാംശങ്ങള്‍ സമഗ്രമായി പരിശോധിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍