ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ബീവി(42) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു ബീവി.
കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു യാത്രബോട്ടും മത്സ്യബന്ധന ബോട്ടും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് 39 ഓളം യാത്രക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. കമാലക്കടവിനടുത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്.
അപകടത്തെ തുടര്‍ന്ന് യാത്രാബോട്ട് രണ്ടായി പിളരുകയും പിന്നീട് മുങ്ങുകയും ചെയ്തു. വൈപ്പിനില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്ക് പോയ ബോട്ടായിരുന്നു അപകടത്തില്‍പ്പെട്ടത്.