കേരളം തെരുവുനായ്ക്കളുടെ പിടിയിലാണ്. ഓരോ ദിവസവും ഓരോ വാർത്തകളാണ് വരുന്നത്. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുകൾ എടുക്കുകയാണ്. മനുഷ്യജീവനേക്കാൾ മൃഗങ്ങളുടെ ജീവനു വിലകൽപ്പിക്കുന്നവർ കേന്ദ്രത്തിലും മനുഷ്യരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അവരോടൊപ്പം നിൽക്കുന്നവർ സംസ്ഥാനത്തും തങ്ങളുടെ നിലപാടുകൾ അറിയിച്ച് നിലകൊള്ളുന്നു.
ഇതിനിടയിൽ കേരളത്തിന്റെ അവസ്ഥ വിദേശരാജ്യങ്ങളിലും എത്തി. ടൂറിസം മേഖലയിൽ കേരളം ഒരുപാട് മുന്നിലാണ്. ഗോഡ്സ് ഓൺ കൺട്രി വിദേശരാജ്യങ്ങളിൽ ഫെയ്‌മസാണ്. അതുകൊണ്ട് തന്നെ ഒരു വാർത്ത വന്നാൽ അതിനെ പ്രാധാന്യത്തോടെ നിരീക്ഷിക്കാൻ വിദേശികളും താൽപ്പര്യം കാണിക്കാറുണ്ട്. 'ഇനി കേരളത്തിലേക്ക് പോകുന്നവർ സൂക്ഷിക്കുക, ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിങ്ങളെ കാത്തിരിക്കുന്നത് തെരുവുനായ്ക്കളാണ്'. കേരളത്തിലെ തെരുവുനായ്ക്കളുടെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളിൽ വന്ന വാർത്തയുടെ തലക്കെട്ടാണിത്.
മുന്നറിയിപ്പെന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത്. ഇന്ത്യയിൽ പശുവിനെ ദൈവമായും പട്ടിയെ കുടുംബാംഗമായുമാണ് കാണുന്നതെന്നും വാർത്തയിൽ പറയുന്നുണ്ട്. മനുഷ്യരുടെ വിലയേക്കാൾ മൃഗങ്ങളുടെ വിലയ്ക്കാണ് ഇന്ത്യയിൽ പ്രാധാന്യം. മൃഗസ്നേഹികളാണ് ഇന്ത്യയിൽ കൂടുതലെന്നും ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.