കേന്ദ്ര ജല കമ്മീഷന്‍ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളിലെ നദികള്‍ക്ക് മുന്നറിയിപ്പ്. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഓറഞ്ച് അലര്‍ട്ട്: പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍), പമ്പ (മടമണ്‍ സ്റ്റേഷന്‍) എന്നീ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.
മഞ്ഞ അലര്‍ട്ട്: പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ (തുമ്പമണ്‍ സ്റ്റേഷന്‍), കോട്ടയം ജില്ലയിലെ മണിമല (പുല്ലാക്കയര്‍ സ്റ്റേഷന്‍), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നീ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഒഡിഷക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതിനു ശേഷം ഏകദേശം ജൂലൈ 19 ന് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ ഫലമായി ഈ സമയത്തു അറബിക്കടലിലെ കാലവര്‍ഷക്കാറ്റ് സജീവമായി തന്നെ തുടരാനും കേരളത്തില്‍ വ്യാപകമായ മഴക്കും സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനപ്രകാരം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിച്ച് വടക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമയങ്ങളില്‍ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.