മത്സ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്ക് 21 കോടി : മന്ത്രി കെ. ബാബു

Webdunia
വ്യാഴം, 14 മെയ് 2015 (19:28 IST)
സംസ്ഥനത്തെ മത്സ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്ക് 21,13,92,895 രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. കൊല്ലം ജില്ലയിലെ മരുത്തടി ഫിഷ് ലാന്‍ഡിംഗ് സെന്ററിന്റെ പ്രാഥമിക പഠനം (52 ലക്ഷം രൂപ), മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം (3,70,78,800 രൂപ), മത്സ്യമേഖലയിലെ അനുബന്ധ തൊഴിലാളികള്‍ക്കുളള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി (1,25,14,095 രൂപ), മത്സ്യത്തൊഴിലാളികള്‍ക്കുളള ബാങ്കബിള്‍ സബ്‌സിഡി (50 ലക്ഷം രൂപ) ഫിഷിംഗ് ഗീയര്‍ (50 ലക്ഷം രൂപ) എന്നീ രീതിയിലാണു തുക അനുവദിച്ചത്.

ഇതിനൊപ്പം പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ യന്ത്രവല്‍ക്കരണം (40 ലക്ഷം രൂപ), എന്‍.എം.ഡി.സി/ എന്‍.എം.സി.എഫ്.ഡി.സി പദ്ധതികള്‍ക്ക് വേണ്ടിയുളള സീഡ് ക്യാപിറ്റല്‍ (150 ലക്ഷം രൂപ), മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് പലിശരഹിത വായ്പാ പദ്ധതി (150 ലക്ഷം രൂപ), മറൈന്‍ ഫിഷറി റിസോഴ്‌സസ് മാനേജ്‌മെന്റിനും കൃത്രിമ റീഫ് സ്ഥാപനത്തിനും (45 ലക്ഷം രൂപ) ഓട്ടോമാറ്റിക് ഫിഷിംഗ് വെസ്സല്‍ മോണിട്ടറിംഗ് സിസ്റ്റം (80 ലക്ഷം രൂപ), പൊയ്യ ഗവണ്‍മെന്റ് ഫിഷ് ഫാം പുനരുദ്ധാരണം (115 ലക്ഷം രൂപ), ആയിരം തെങ്ങ് ഗവ.ഫിഷ് ഫാമിലെ പുതിയ അക്വാകള്‍ച്ചര്‍ പദ്ധതി (158 ലക്ഷം രൂപ), അക്വാപാര്‍ക്ക് (ഒരു കോടി രൂപ), വിജ്ഞാന വിനിമയ പരിശീലന പദ്ധതികള്‍ (95 ലക്ഷം രൂപ) എന്നിവയ്ക്കും തുക അനുവദിച്ചു.

ഇതു കൂടാതെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ പദ്ധതി (ഒരു കോടി രൂപ), തീരമൈത്രി പദ്ധതി (മൂന്ന് കോടി രൂപ) വലിയതുറ മിനി ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണ പരിശോധന (52 ലക്ഷം രൂപ), കൊല്ലം ജില്ലയിലെ സൗത്ത് പരവൂര്‍ മിനി ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണ പരിശോധന (81 ലക്ഷം രൂപ) എന്നീ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.