പഴകിയ 1800 കിലോ മത്സ്യം പിടികൂടി
പേരാമംഗലം: ലോറിയിൽ കൊണ്ടുപോവുകയായിരുന്ന പഴകിയ 1800 കിലോ മത്സ്യം പിടികൂടി. കഴിഞ്ഞ ദിവസം പേരാമംഗലത്താണ് കണ്ടെയ്‌നർ ലോറിയിൽ നിന്ന് ദുർഗന്ധം വമിച്ചത്. ലോറി തടഞ്ഞ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.
പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇത് ഭക്ഷ്യയോഗ്യം അല്ലെന്നു കണ്ടത്. കർണ്ണാടകയിലെ ഉഡുപ്പിയിൽ നിന്ന് പത്ത് ദിവസം മുമ്പ് പുറപ്പെട്ട ഈ ലോറിയിൽ 30 കിലോ വീതമുള്ള 60 പെട്ടികളിലായിരുന്നു മത്സ്യം സൂക്ഷിച്ചിരുന്നത്.
തൃശൂരിലെ ശക്തൻ മാർക്കറ്റിൽ മത്സ്യം ഇറക്കിയതിനു ശേഷം കുന്നംകുളം മാർക്കറ്റിലേക്ക് പോവുകയാണെന്നാണ് ലോറി ഡ്രൈവർ പോലീസിനെ അറിയിച്ചത്. മത്സ്യം നശിപ്പിക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.