ഉമ തോമസിന്റെ അപകടത്തില്‍ പൊതുമരാമത്ത് വകുപ്പിനെതിരെയും സംഘാടകര്‍ക്കെതിരെയും ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (11:12 IST)
uma thomas
ഉമ തോമസ് എംഎല്‍എയുടെ അപകടത്തില്‍ പൊതുമരാമത്ത് വകുപ്പിനെതിരെയും സംഘാടകര്‍ക്കെതിരെയും ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത വേദിയില്‍ പ്രാഥമിക സുരക്ഷാക്രമീകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഡിയത്തില്‍ സ്റ്റേജ് നിര്‍മ്മിച്ചത് അനുമതിയില്ലാതെയാണെന്നും വിളക്ക് കൊളുത്താന്‍ മാത്രമാണ് സ്റ്റേജ് എന്നാണ് സംഘാടകര്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
സ്റ്റേജിന് രണ്ട് മീറ്ററില്‍ കൂടുതല്‍ ഉയരം ഉണ്ടെങ്കില്‍ 1.2മീറ്റര്‍ ഉയരത്തിലുള്ള ഉറപ്പുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നതാണ് ചട്ടം. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണം. കല്ലൂര്‍ സ്റ്റേഡിയത്തില്‍ ഇത് രണ്ടും ഉണ്ടായില്ലെന്ന് ഫയര്‍ഫോഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വിമര്‍ശനവുമായി ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി രംഗത്തെത്തിയിരുന്നു. 
 
പരിപാടിയുടെ സുരക്ഷാനിലവാരം കണ്ട് കഷ്ടം തോന്നുന്നുവെന്നും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജില്‍ നിന്നും താഴെ വീഴുന്നത് തടയാന്‍ വേണ്ട സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നും സ്റ്റേജ് മൊത്തമായി തകര്‍ന്നു വീഴാത്തത് ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article